
ആഗോള ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി മെഗാ പവർ സ്റ്റാർ രാം ചരണിന്റെ പുതിയ ചിത്രം ‘പെഡ്ഡി’ തിയേറ്ററുകളിൽ കുതിപ്പ് തുടരുന്നു. ജൂൺ നാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 100 കോടി രൂപയിലധികം കളക്ഷൻ നേടി ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായി മാറി. ആഗോള തലത്തിൽ ഏകദേശം 112.49 കോടി രൂപയാണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 69 കോടി രൂപയോളം കളക്ട് ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
ചിത്രം തീയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നതിനിടെ, രാം ചരണിന്റെ ഭാര്യയും പ്രമുഖ സംരംഭകയുമായ ഉപാസന കൊനിഡേല ആരാധകർക്കൊപ്പം വിജയം ആഘോഷിക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “പെഡ്ഡി ബ്ലോക്ക്ബസ്റ്റർ” എന്ന് എഴുതി, അഞ്ച് നക്ഷത്ര ചിഹ്നങ്ങൾ പതിപ്പിച്ച കേക്ക് മുറിച്ചായിരുന്നു ഉപാസനയുടെ ആഘോഷം. തിയേറ്ററുകളിൽ പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനങ്ങൾ നടത്തുമാണ് ആരാധകർ ഈ വിജയം ഏറ്റെടുത്തത്. നേരത്തെ ഹൈദരാബാദിലെ ഒരു തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കാണാൻ ഉപാസന എത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ രാം ചരണിന്റെ മാസ് രംഗങ്ങൾ വരുമ്പോൾ ആരാധകർക്കൊപ്പം ആവേശത്തിലായ ഉപാസന, തിയേറ്ററിൽ വിതറിയ കടലാസ് കഷ്ണങ്ങൾ വാരിയെറിഞ്ഞ് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ബുച്ചി ബാബു സന സംവിധാനം ചെയ്ത ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് ‘പെഡ്ഡി’. വിഴിയനഗരം എന്ന ഗ്രാമത്തിൽ നിന്നുള്ള പ്രതിഭാശാലിയായ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണ് രാം ചരൺ ചിത്രത്തിലെത്തുന്നത്. നിർമ്മിത ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജാൻവി കപൂർ, ശിവ രാജ്‌കുമാർ, ജഗപതി ബാബു, ദിവ്യേന്ദു, ബൊമൻ ഇറാനി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവും, ഐവിവൈ എന്റർടൈൻമെന്റിന്റെ കീഴിൽ ഇഷാൻ സക്സേനയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.