വര്‍ത്തമാനം പോരാട്ടത്തിന്റെ കഥ; പാര്‍വതി

വര്‍ത്തമാനം സിനിമ ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് നടി പാര്‍വതി തിരുവോത്ത്. കാലങ്ങള്‍ക്ക് ശേഷം തന്റെ സിനിമ റിലീസിന് എത്തുന്ന സന്തോഷത്തിലാണ്. മറ്റ് സിനിമകളുടെ റിലീസ് തീയതി പല കാരണങ്ങളാല്‍ മാറ്റിവെച്ചെങ്കിലും വര്‍ത്തമാനം മാര്‍ച്ച് 12ന് തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിക്കുന്നത് എന്നും പാര്‍വതി വ്യക്തമാക്കി. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ നിര്‍വ്വഹിച്ച ചിത്രത്തില്‍ റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും പ്രധാന വേഷം ചെയ്യുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വര്‍ത്തമാനത്തിന്റെ പ്രമേയം ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചിത്രത്തില്‍ വരുത്തിയ ചെറിയ മാറ്റങ്ങളോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു.