
നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശ വിഷയത്തിൽ ഇനി സംസാരിക്കില്ലെന്ന് വ്യക്തമാക്കി നടൻ പാർത്ഥിപൻ. വിവാദം അവസാനിപ്പിക്കുകയാണെന്നും, രു വിഭാഗം ആളുകളിൽ നിന്ന് തനിക്ക് എതിർപ്പ് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജായ എക്സ്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ശുഭദിനം സുഹൃത്തുക്കളേ, വീഡിയോയുടെ ദൈർഘ്യം കാരണം ഞാൻ ഇതിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു – ഞാൻ എന്റെ ഭാഗം വിശദീകരിക്കുമ്പോൾ, പാർശ്വഫലങ്ങളും ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു (ഇതിനകം ആരംഭിച്ചിരിക്കുന്നു). എന്നാൽ ഇതിനെക്കുറിച്ച് ഞാൻ ഇനിയും സംസാരിക്കില്ല. ഇവിടെ വെച്ച് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്.” പാർത്ഥിപൻ പറഞ്ഞു.
ചെന്നൈയിൽ ഒരു അവാർഡ്ദാന ചടങ്ങിനിടെ തൃഷയുടെ ചിത്രം വേദിയിൽ കാണിച്ച് എന്തെങ്കിലും അവരെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ നടത്തിയ പരാമർശമാണ് പാർത്ഥിപനെ വിവാദത്തിൽ എത്തിച്ചത്. ‘ഈ കുന്ദവൈയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്’ എന്നാണ് പാർഥിപൻ പ്രതികരിച്ചത്. ഇതിനെതിരെ തൃഷ രൂക്ഷവിമർശനം ഉന്നയിച്ചതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.
തൊട്ടുപിന്നാലെ വിശദീകരണവീഡിയോയുമായി പാർത്ഥിപൻ വീണ്ടുമെത്തി. തെറ്റും അബദ്ധവും തമ്മിൽ വ്യത്യാസമുണ്ട്. അബദ്ധമെന്നത് ഒരാൾ അറിയാതെ ചെയ്യുന്നതാണ്. തെറ്റാകട്ടെ, മനഃപൂർവം ചെയ്യുന്നതും. അതുപോലെ മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിലും വ്യത്യാസമുണ്ട് എന്നാണ് പാർഥിപൻ പറഞ്ഞത്.
തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്യും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെയാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതിര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തൃഷ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.