
നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ, അദ്ദേഹത്തിന് പെയിൻ്റിങ്ങും ഹൃദയസ്പർശിയായ കത്തും സമ്മാനിച്ച് നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പാർത്ഥിപൻ. മുൻകാല രാജാക്കന്മാരുടെ ശൈലിയിൽ സിംഹാസനത്തിന് സമീപം വിജയ് നിൽക്കുന്ന പെയിൻ്റിങ്ങാണ് പാർത്ഥിപൻ സമ്മാനിച്ചത്. കൂടാതെ, സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി ഭരണം കൈയാളുന്ന വിജയിയെ ‘വലിയ പണ്ഡിതൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള തമിഴിലെഴുതിയ ഒരു കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. രാഷ്ട്രീയ ലോകത്തെ വിറപ്പിക്കുന്ന മുഖ്യമന്ത്രിക്ക് സമാധാനപരവും ആരോഗ്യകരവുമായ ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായിരുന്നു കത്തിലെ വരികൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കത്തിന്റെ വിശദാംശങ്ങളും പാർത്ഥിപൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
എന്നാൽ, മുൻപ് വിജയിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടി തൃഷാ കൃഷ്ണനെതിരെ പാർത്ഥിപൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, ഈ കൂടിക്കാഴ്ചയെ അല്പം പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ കാണുന്നത്. വിജയിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ, ചെന്നൈയിൽ നടന്നൊരു വിവാഹച്ചടങ്ങിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. തുടർന്ന് നടന്ന മറ്റൊരു ചടങ്ങിൽ തൃഷയുടെ ചിത്രം കണ്ട പാർത്ഥിപൻ, ‘പൊന്നിയിൻ സെൽവൻ’ സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, ഈ ‘കുന്ദവൈ’ കുറച്ചുദിവസം വീട്ടിൽത്തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും പുറത്തുവിടരുതെന്നും പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയാവുകയും തൃഷ ഇതിനെതിരെ ശക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇത്തരമൊരു നിലപാടെടുത്ത പാർത്ഥിപൻ, ഇപ്പോൾ വലിയ സമ്മാനങ്ങളുമായി വിജയിയെ കാണാനെത്തിയതിനെ സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്. അന്ന് തൃഷയെക്കുറിച്ച് അനാവശ്യമായി സംസാരിക്കുകയും അതിന് മോശം മറുപടി നൽകുകയും ചെയ്തയാൾ ഇപ്പോൾ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത് ഇരട്ടത്താപ്പാണെന്നാണ് ചിലരുടെ അഭിപ്രായം. കൂടാതെ, ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കത്തിലൂടെ ‘രാജാവ്’ എന്നും ‘ചക്രവർത്തി’ എന്നും വിശേഷിപ്പിച്ചത് ഒട്ടും ഉചിതമായില്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.