പത്മരാജന്റെ ഓര്‍മ്മയില്‍ ‘മകന്റെ കുറിപ്പുകള്‍’

പി പത്മരാജന്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിയതമ രാധാലക്ഷ്മിയുടെ കൃതികള്‍ ഉള്‍പ്പെടെ ഇവയില്‍പെടുന്നു. ഇപ്പോഴിതാ പത്മരാജന്റെ പുത്രന്‍ അനന്തപദ്മനാഭന്‍ എഴുതിയ മകന്റെ കുറിപ്പുകള്‍ എന്ന കൃതി കൂടി പത്മരാജന്‍ ആരാധകര്‍ക്ക് ഒരു അമൂല്യ നിധിയായി എത്തിയിരിക്കുന്നു .പ്രിയപ്പെട്ട ഒരു മകന് മാത്രം സാധിക്കുന്ന വീക്ഷണകോണിലൂടെ ആ അനശ്വര കലാകാരന്റെ വ്യതിരിക്തമായ നിരവധി ജീവിത ചിത്രങ്ങള്‍ അനന്തന്‍ ഈ കൃതിയില്‍ കാഴ്ച വയ്ക്കുന്നു. അതേ സമയം വെറും ഒരു മകന്‍ എന്നതിലുപരി സ്വയമേവ ഒരു എഴുത്തുകാരന്‍ കൂടിയായ ഗ്രന്ഥകാരന് ഇത്തരമൊരു പ്രതിഭയെ ആഴത്തില്‍ സമീപിക്കാനും ആകുന്നുണ്ട്. തന്റെ തന്നെ നേരനുഭവങ്ങളുടെ ഓര്‍മകള്‍,പത്മരാജന്റെ പ്രിയ സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സ്‌നേഹിതരുടെയും ഓര്‍മകള്‍ എല്ലാം ചേര്‍ന്നാണ് ഈ കൃതിയെ രൂപപ്പെടുത്തിയിരിക്കുന്നത്.

25 അധ്യായങ്ങളില്‍ പത്മരാജന്റെ സാഹിത്യ, സിനിമാ സപര്യകളുടെയും വൈയക്തിക ജീവിതത്തിന്റെയും സവിശേഷതകള്‍ കടന്നു വരുന്നു.അങ്ങേയറ്റം ഒഴുക്കുള്ളതും വൈകാരികവുമായ രചനാശൈലി ഈ കൃതിയെ നമുക്ക് വളരെ പ്രിയതരമാക്കുന്നു. ഒപ്പം ഇതിന് മുന്നേ പുറം ലോകം കണ്ടിട്ടില്ലാത്ത നിരവധി ഛായാചിത്രങ്ങളും സാമാന്യം ബ്രഹത്ത് തന്നെയായ കൃതിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിന്റെ അഭിമാനവും പത്മരാജന്റെ പ്രിയ നടനും ആയ മോഹന്‍ലാലിന്റെ ആമുഖം പുസ്തകത്തിന് ഒരു കുളിര്‍മുദ്രയും ആകുന്നു. ഉറപ്പായും ഏതോ ഗന്ധര്‍വ ലോകത്ത് ഇപ്പോള്‍ ജീവിക്കുന്ന പത്മരാജന്‍ തന്റെ പ്രിയ പുത്രന്‍ തനിക്ക് നല്‍കിയ വിശിഷ്ട ഉപഹാരം കണ്ട് വളരെ സന്തോഷിക്കുന്നുണ്ടാവണം.

മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍. ഒരിടത്തൊരു ഫയല്‍വാന്‍ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986), നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), തൂവാനത്തുമ്പികള്‍ (1987), മൂന്നാം പക്കം (1988) തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകള്‍ ആയി കണക്കാക്കപ്പെടുന്നു. 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകന്‍ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്പി പത്മരാജന്‍.

വസിഷ്ഠ് മാണിക്കോത്ത്‌