പത്മജ രാധാകൃഷ്ണന്‍ (68) അന്തരിച്ചു

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.
തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2013ല്‍ ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍ ഗാനരചനാരംഗത്തെത്തിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതി. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ലോക്ഡൗണില്‍ നിന്ന് അതിജീവനം എന്ന സന്ദേശവുമായ കഴിഞ്ഞ ആഴ്ച മൗത്ത് ഓര്‍ഗനില്‍ ‘എല്ലാരും ചൊല്ലണ്’ എന്ന പ്രശസ്ത ഗാനം വായിച്ചതും പോസ്റ്റു ചെയ്തിരുന്നു.

മലയാള ചലച്ചിത്രഗാനരംഗത്ത് പ്രശസ്തനായ എം.ജി.രാധാകൃഷ്ണനൊപ്പം മിക്ക വേദികളിലും നിഴല്‍പോലെ കൂട്ടായി പത്മജയുണ്ടായിരുന്നു. ചലച്ചിത്ര സാംസ്‌കാരിക ലോകത്ത് വലിയ സുഹൃത്ബന്ധത്തിന് ഉടമയായിരുന്നു അവര്‍. മക്കള്‍: എം.ആര്‍.രാജാകൃഷ്ണന്‍, കാര്‍ത്തിക. ഗായകന്‍ എം.ജി.ശ്രീകുമാര്‍, സംഗീതജ്ഞ പ്രഫ. കെ.ഓമനക്കുട്ടി എന്നിവരാണ് ഭര്‍തൃസഹോദരങ്ങള്‍. ചെന്നൈയില്‍ സൗണ്ട് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന മകന്‍ രാജാകൃഷ്ണനും ദുബായിലുള്ള മകള്‍ കാര്‍ത്തികയും എത്തിയ ശേഷമാകും സംസ്‌കാരചടങ്ങുകള്‍ തീരുമാനിക്കുക. 2010 ജൂലൈ രണ്ടിനാണ് എം.ജി.രാധാകൃഷ്ണന്‍ അന്തരിച്ചത്.