തീവെട്ടിക്കൊള്ള: മണിയന്‍പിള്ളയുടെ വാദം തെറ്റെന്ന് കെ എസ് ഇ ബി

കെ എസ് ഇ ബി തീവെട്ടിക്കൊള്ള നടത്തുന്നു എന്ന നടന്‍ മണിയന്‍പിള്ള രാജുവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെ എസ് ഇ ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍ എസ് പിള്ള. ഏഴായിരം രൂപ ബില്ല് വരുന്ന സ്ഥാനത്ത് നാല്‍പ്പത്തിരണ്ടായിരം രൂപയാണ് ബില്ല് വന്നത് എന്നായിരുന്നു മണിയന്‍പിള്ളയുടെ ആരോപണം. ചാനല്‍ ചര്‍ച്ചയിലാണ് മണിയന്‍പിള്ളയുടെ ആരോപണം തെറ്റാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയത്. മണിയന്‍പിള്ളയുടെ വീ്ട് അടഞ്ഞുകിടക്കുന്നതിനാല്‍ ആറുമാസത്തെ ബില്ല് ശരാരശരി വെച്ച് കണക്കാക്കിയതാണെന്നും അദ്ദേഹത്തിന്റെ പരാതി അന്വേഷിച്ചതാണെന്നുമാണ് കെ.എസ്.ഇ.ബി യുടെ വാദം.

നേരത്തെ രണ്ടുതവണ വീതം ഏഴായിരത്തിലധികമാണ് മണിയന്‍പിള്ള ബില്ലടച്ചത്. മണിയന്‍പിള്ളയുടെ വീട്ടില്‍ നിന്ന് ആറുമാസം റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല ഇതുകഴിഞ്ഞാണ് റീഡിംഗ് എടുത്തത്. റീഡിംഗിന് ചെല്ലുമ്പോള്‍ ആളില്ലെങ്കില്‍ ആവറേജ് കണക്കാക്കുകയാണ് പതിവെന്നാണ് വിശദീകരണം. ആറുമാസത്തിന് ശേഷമുള്ള ഡിജിറ്റല്‍ മീറ്റര്‍ പരിശോധനയില്‍ 5251 യൂണിറ്റാണ് മണിയന്‍പിള്ള ഉപയോഗിച്ചത്. ഏഴുരൂപ തൊണ്ണൂറ് പൈസ വെച്ച് യൂണിറ്റിന് നല്‍കാന്‍ ബാധ്യസ്ഥനാണ്, ഇതിനൊപ്പം പത്ത് ശതമാനം നികുതി, ഫിക്‌സഡ് ചാര്‍ജ്ജ്, മീറ്റര്‍ റെന്റ് എന്നിവയെല്ലാം വരും. നേരത്തെ രണ്ടുതവണ അടച്ച തുക ഒഴിവാക്കിയാല്‍ കൃത്യം തുകയാണ് ബില്ലെന്നാണ് കെ.ഇസ്.ഇ.ബി വിശദീകരിക്കുന്നത്.

മണിയന്‍പിള്ള രാജു ആവശ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥരെ വീട്ടിലേക്കയച്ച് ഈ കാര്യം ബോധ്യപ്പെടുത്താമെന്നും പിള്ള ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഉപഭോഗത്തിന്റെ ഒരുശതമാനം പോലും അധികം ഈടാക്കിയിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി വാദം.