ത്രില്ലടിപ്പിച്ച് ‘പദ്മ’

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം ‘പദ്മ’യുടെ പുതിയ ടീസര്‍ പുറത്തെത്തി. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍.

രസകരമായ രീതിയിലാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

അനൂപ് മേനോന്‍ നായകനായെത്തിയ ചിത്രം വിധി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണന്‍ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രമാണ് ‘വിധി (ദി വെര്‍ഡിക്ട്) .സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു. കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് സിനിമ.

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് .