എസ്.പി.ബി.ക്ക് പദ്മവിഭൂഷണ്‍, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണ്‍; കൈതപ്രത്തിനും ബോംബെ ജയശ്രീക്കും പദ്മശ്രീ

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.എസ്. ചിത്രയടക്കം ആറു മലയാളികള്‍ക്കാണ് ഇത്തവണ പുരസ്‌കാര ലബ്ധി.

മരണാനന്തര ബഹുമതിയായി ബഹുഭാഷാ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഫൈബര്‍ ഒപ്റ്റിക്‌സ് വിദഗ്ധനും ഊര്‍ജ തന്ത്രജ്ഞനുമായ അമേരിക്കന്‍ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ നരീന്ദര്‍ സിങ് കപനിക്കും പദ്മവിഭൂഷണ്‍ ലഭിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേ (പൊതുകാര്യം), കര്‍ണാടകയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധനും മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി.എം. ഹെഗ്‌ഡെ (വൈദ്യശാസ്ത്രം), ഡല്‍ഹിയിലെ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍, പുരാവസ്തു ഗവേഷകന്‍ ബി.ബി. ലാല്‍, ഒഡിഷയില്‍ നിന്നുള്ള ശില്പി സുദര്‍ശന്‍ സാഹൂ എന്നിവര്‍ക്കും പദ്മവിഭൂഷണ്‍ ലഭിക്കും.

ഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാവകളി കലാകാരന്‍ ഷൊര്‍ണൂരിലെ കെ.കെ. രാമചന്ദ്രന്‍ പുലവര്‍, ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതിയ ബാലന്‍ പൂതേരി, ആദിവാസികള്‍ക്കായി ആതുരസേവനം നടത്തിയ വയനാട്ടിലെ ഡോ. ധനഞ്ജയ് ദിവാകര്‍ സച്‌ദേവ്, കായികപരിശീലകന്‍ ഒ.എം. മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് പദ്മശ്രീയും നല്‍കും. തമിഴ്‌നാട്ടില്‍ നിന്നുള്ള മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായിക ബോംബെ ജയശ്രീക്കും പദ്മശ്രീ പുരസ്‌കാരമുണ്ട്.

രാഷ്ട്രീയ നേതാക്കളായിരുന്ന തരുണ്‍ ഗൊഗോയ്, രാം വിലാസ് പാസ്വാന്‍, കേശുഭായ് പട്ടേല്‍, ഇസ്‌ലാമിക പണ്ഡിതന്‍ കല്‍ബെ സാദിഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ ലഭിക്കും. സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാര്‍, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ തര്‍ലോചന്‍ സിങ്, മഹാരാഷ്ട്രയിലെ വ്യവസായി രജനീകാന്ത് ഷ്രോഫ് എന്നിവര്‍ക്കും പദ്മഭൂഷണ്‍ ബഹുമതിയുണ്ട്.