പത്മ പുരസ്‌കാരം; കേരളത്തിന്റെ പട്ടിക പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍, ലിസ്റ്റ് പുറത്ത്

','

' ); } ?>

പത്മാ പുരസ്‌കാരങ്ങള്‍ക്കായി കേരളം ശിപാര്‍ശ ചെയ്തവരുടെ പട്ടിക പുറത്ത്. എന്നാല്‍ ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളെല്ലാം പൂര്‍ണമായും കേന്ദ്രം തളളുകയായിരുന്നു. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 56 പേരുടെ പട്ടികയാണ് അയച്ചത്. പത്മവിഭൂഷണ് വേണ്ടി എം.ടി. വാസുദേവന്‍ നായരെയാണ് ശുപാര്‍ശ ചെയ്തത്. പത്മഭൂഷണുവേണ്ടി 8 പേരെ ശുപാര്‍ശ ചെയ്തു. കലാമണ്ഡലം ഗോപി, മമ്മൂട്ടി, ശോഭന, സുഗതകുമാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, റസൂല്‍പൂക്കുട്ടി, മധു, പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്.

പത്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.പി.എ.സി ലളിത, എം.എന്‍. കാരശ്ശേരി, ബിഷപ് തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു. ഈ പട്ടിക പൂര്‍ണമായും തള്ളിയ കേന്ദ്രസര്‍ക്കാര്‍ ആത്മീയാചാര്യന്‍ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും സമ്മാനിച്ചു.

സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതല്‍ ആറുവരെ അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടതാണ് കമ്മിറ്റി. ശുപാര്‍ശകള്‍ ഇവര്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമര്‍പ്പിക്കും.