
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിളക്കത്തിലും ബോക്‌സ് ഓഫീസ് വിജയത്തിലും നിൽക്കുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഒരു സവർണ സിനിമയാണെന്ന നിരീക്ഷണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. വി. ഷാജികുമാർ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ പിരീഡ് ഫോക്ക് ഹൊറർ ത്രില്ലർ, ചാത്തനെ വില്ലനാക്കിക്കൊണ്ട് ഒരു ബ്രാഹ്മണന്റെ പക്ഷത്തുനിന്നാണ് കഥ പറയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാജികുമാർ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഈ വേറിട്ട കാഴ്ചപ്പാട് പങ്കുവെച്ചത്.
ചാത്തനെ കെട്ടിയിട്ട ഒരു ബ്രാഹ്മണന്റെ കഥയാണ് ഭ്രമയുഗം പരോക്ഷമായി പറയാൻ ശ്രമിക്കുന്നതെന്നും, അത് ചാത്തന്റെ പക്ഷത്തുനിന്നുള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടുമൺ പോറ്റിയെന്ന മമ്മൂട്ടിയുടെ കഥാപാത്രവും പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള അതിന്റെ മേക്കിംഗും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ലൊസാഞ്ചലസിലെ പ്രശസ്തമായ ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ വരെ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ബോക്‌സ് ഓഫീസിൽ 50 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.
അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തത് ഭ്രമയുഗത്തിലെ പ്രകടനമാണ്. ഇതിനുപുറമേ സിദ്ധാർഥ് ഭരതൻ (സ്വഭാവ നടൻ), ക്രിസ്റ്റോ സേവ്യർ (പശ്ചാത്തലസംഗീതം), റോണക്‌സ് സേവ്യർ (മേക്കപ്പ്) എന്നിവരുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. അർജുൻ അശോകൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമാ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ്.