സൗബിന്‍ -ദുല്‍ഖര്‍ വീണ്ടും ഒന്നിക്കുന്നു; ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

സൂപ്പര്‍ഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു.ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുടെ വിവരം പുറത്തുവിട്ടത്. ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്.

ഓതിരം കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മറ്റ് മൂന്ന് ചിത്രങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിലെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് .മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൂടാതെ റോഷന്‍ ആന്‍ഡ്ര്യൂസ് ചിത്രമായ സല്യൂട്ടിലെയും പുതിയ പോസ്റ്റര്‍ പിറന്നാള്‍ പ്രമാണിച്ച് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ദുല്‍ഖര്‍ മുഴുനീളം പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി , സഞ്‌ജൈയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.