മഴ.. ചായ.. ജോണ്‍സണ്‍ മാഷ്.. അന്തസ്സ് … നാട്ടിന്‍ പുറനന്മകളെ തൊട്ടറിഞ്ഞ് ഒരു യമണ്ടന്‍ പ്രേമകഥ..

എന്നും തിയ്യേറ്ററുകളില്‍ ഒരു ഓളവുമായെത്തുന്ന ബിബിന്‍ വിഷ്ണു കൂട്ടുകെട്ട് ഇത്തവണ എത്തിയിരിക്കുന്നത് പ്രേക്ഷകരെ ആദ്യ ഇന്റര്‍വെല്‍ വരെ ചിരിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു എന്റര്‍റ്റെയ്‌നറുമായാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക വളരെ വ്യത്യസ്ഥമായ ഒരു വേഷത്തിലെത്തിയത് തന്നെയാണ് ആരാധകരെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. നവാഗതനായ ബി സി നൗഫലും രചയിതാക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും തങ്ങളുടെ പുതിയ ചിത്രത്തില്‍ വ്യത്യസ്ഥമായ ഒരു കഥയും നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സ്വന്തം യുവതാരമായ ദുല്‍ക്കറിന്റെ തിരിച്ചു വരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് നല്ലൊരു സമ്മാനം നല്‍കാന്‍ താരം ശ്രമിച്ചിണ്ടെങ്കിലും ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് പ്രതീക്ഷകള്‍ക്കൊത്ത് സഞ്ചരിക്കാനായില്ല. നവാഗതനായ ബി സി നൗഫലിന്റെ സംവിധാനത്തിലൂടെ വന്ന ചെറിയ ചെറിയ പോരായ്മകളും ചില സന്ദര്‍ഭങ്ങളില്‍ മുഴച്ചു നിന്നത് ചിത്രത്തിന് പിന്നീട് വലിയ വിനയായി മാറുകയായിരുന്നു. ആരാധകരെ രസിപ്പിക്കുന്ന ദുല്‍ക്കറിന്റെയും വിഷ്ണുവിന്റെയും സലീം കുമാറിന്റെയും സൗബിന്റെയും സാന്നിധ്യം ചിത്രത്തിന് ആദ്യ പകുതിയില്‍ നല്‍കിയ രസകരമായ ഒരു തുടക്കം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

കട്ടപ്പനയിലെ റിത്വിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം ബിബിനും വിഷ്ണുവും തയ്യാറാക്കിയ തിരക്കഥക്കൊപ്പം സംവിധായകന് സഞ്ചരിക്കാന്‍ കഴിഞ്ഞില്ലെന്ന് തന്നെ പറയാം. കഥയുടെ പേരു പോലെതന്നെ ലല്ലു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന ഒരു പ്രണയത്തിന്റെ വ്യത്യസ്ഥമായ അനുഭവത്തെ ആശ്രയിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിലും സൂക്ഷ്മമായി ചിത്രം കാണുന്നവര്‍ക്ക് കഥയിലെ മറ്റു പ്രധാന വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അധികം പേരും ശ്രദ്ധിക്കാതെ പോകുന്ന കുറേ മൂല്യങ്ങളെ ചിത്രം കാണികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു മികച്ച ക്ലൈമാക്‌സ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.

ഒരു ഗ്രാമത്തിലെ വ്യത്യസ്തമായ ഒറിജിനലായ ചെറിയ കഥാപാത്രങ്ങളുമായിയാണ് ചിത്രത്തിലെ എല്ലാ അഭിനേതാക്കളും എത്തിയിരിക്കുന്നത്. വിഷ്ണു, ദുല്‍ക്കര്‍, ഹരീഷ് കണാരന്‍, സൗബിന്‍, ബിബിന്‍ എന്നിവരുടെ രസകരമായ വേഷങ്ങള്‍ ചിത്രത്തിന് ഒരു തന്മയത്തം നല്‍കിയിട്ടുണ്ട്. നാദിര്‍ഷയുടെ മുറ്റത്തേക്കൊമ്പിലെ എന്ന ആദ്യ ഗാനം ചിത്രത്തിന് നല്‍കിയ ഒരു ഫെസ്റ്റിവ് മൂട് തന്നെയാണ് ചിത്രത്തിലേക്ക് ആരാധകരെ പിടിച്ചിരുത്തിയത്. ദൃശ്യങ്ങളിലെ അപാകതകള്‍ തന്നെയാണ് ചിത്രസംയോജനത്തെയും ബാധിച്ചിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നുണ്ട്.

ഒരു യമണ്ടന്‍ പ്രേമകഥയെന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ഒരു മികച്ച ചിത്രത്തിന് വേണ്ടിയുള്ള ശ്രമമാണെന്നാണ് തന്നെ പറയാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയും ബിബിനും വിഷ്ണുവും അത്തരം ഒരു നല്ല ശ്രമം നടെത്തിയെന്ന് പറയാം.. അര്‍ത്ഥവത്തായ ഒരു ക്ലൈമാക്‌സിനും യതാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉരുത്തിരിഞ്ഞ അനുഭവങ്ങള്‍ സമ്മാനിക്കുന്ന എന്റര്‍റ്റെയ്‌നിങ്ങായ ആദ്യ പകുതിക്കും വേണ്ടി ചിത്രത്തിന് തീര്‍ച്ചയായും ടിക്കറ്റെടുക്കാം..