‘സോളോ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ യുവനടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ നാളുകള്‍ക്ക് ശേഷം ദുല്‍ക്കര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന്റെ ആദ്യ നോട്ടത്തിനായി ഏറെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കിടിലന്‍ പോസ്റ്ററുമായിത്തന്നെയാണ് ദുല്‍ക്കറും സംഘവുമെത്തിയത്. ദുല്‍ക്കറിന്റെ സാധാരണ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു കളര്‍ഫുള്‍ എന്ററ്റെയ്‌നര്‍ കഥാപാത്രമായാണ് താരം ചിത്രത്തിന്റെ പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന സൗബിന്‍ സഹീര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സലീം കുമാര്‍ എന്നിവരെയും പോസ്റ്ററില്‍ കാണാം. ഒരു ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പോസ്റ്റര്‍, ചിത്രം ഒരു നല്ല എന്റര്‍റ്റെയ്‌നര്‍ തന്നെയായിരിക്കും എന്നുള്ള സൂചനകളാണ് തരുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ റിലീസ്.
നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.
ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം…