ഒരിടവേളക്ക് ശേഷം നവാഗതനായ ബി സി നൗഫലിന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷുട്ടിങ്ങും പൂര്‍ത്തിയായ വിവരം ദുല്‍ക്കര്‍ നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. വളരെ രസകരമായ അന്തരീക്ഷമാണ് സെറ്റിലേതെന്നും ദുല്‍ഖര്‍ തന്റെ പോസ്റ്റിലൂടെ പറഞ്ഞു. അവാര്‍ഡ് നടന്‍ സൗബിനും ചിത്രത്തില്‍ ഒരു പ്രധാന വേഷവുമായെത്തുന്നുണ്ട്. ഇപ്പോള്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങുന്ന വിവരുമായാണ് നടന്‍ സൗബിന്‍ രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം 6 മണിയോടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്യുക.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണുവും ബിബിനും ചേര്‍ന്നാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കോമഡിതാരങ്ങളും വേഷമിടുന്നുണ്ട്. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍.