മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലേയ്ക്ക്..

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി (ജിഎംബി) ചേര്‍ന്നാണ് സോണി പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്നത്. ടോളീവുഡില്‍ സോണി പിക്‌ച്ചേഴ്‌സിന്റെ അരങ്ങേറ്റം കുറിക്കുന്നത് കൂടിയായിരിക്കും മേജര്‍. പൃഥ്വിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ച്ചേഴ്‌സിന്റെ ഏറ്റവും പുതിയ സംരംഭമാണ് മേജര്‍.

തെലുങ്കിലെ യുവതാരം ആദിവി സേഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍,മേയ് മാസങ്ങളില്‍ ആരംഭിക്കും. ഗൂഡാച്ചാരി എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ ശശികിരണ്‍ ടിക്കയാണ് മേജറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മേജര്‍ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.