ലൈംഗികാതിക്രമ കേസ്; പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച

','

' ); } ?>

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിശദമായ വാദമാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നടന്നത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.

20 ദിവസം വൈകിയാണ് പരാതി പോലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയിൽ ഗൂഢാലോചനയുണ്ട്. തൻ്റെ കക്ഷിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ഉണ്ടാക്കിയ കേസാണിത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നത്. വിദ്യാസമ്പന്നയാണ് പരാതിക്കാരി. എന്തുകൊണ്ടാണ് പെട്ടന്നുതന്നെ പരാതി നൽകാനുള്ള വിവേകം അവർക്കില്ലാതിരുന്നതെന്നും സംവിധായകൻ്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം പ്രോസിക്യൂഷൻ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പി.ടി. കുഞ്ഞുമുഹമ്മദിനെപ്പോലെ ഒരാളിൽനിന്നുണ്ടായ മോശം പെരുമാറ്റത്തിലുണ്ടായ ഷോക്കാണ് പരാതി നൽകാൻ വൈകിയതിനുള്ള കാരണം. ആ ഞെട്ടൽ മാറാൻതന്നെ ദിവസങ്ങളെടുത്തു. പരാതി നൽകുന്നത് സംബന്ധിച്ച് കുടുംബവുമായി അവർക്ക് ആലോചിക്കണമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുഞ്ഞുമുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടായിരുന്നു. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്നും, ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നുണ്ട്.

വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. പരാതിയിൽ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിട്ടുണ്ടായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.