കടക്കല്‍ ചന്ദ്രന്‍ മാര്‍ച്ച്‌ 26ന് ചാര്‍ജ് എടുക്കും

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ എന്ന സിനിമയ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. താരം തന്നെയാണ് റിലീസ് തിയതി അറിയിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍, പോസ്റ്ററുകള്‍, ട്രെയ്‌ലര്‍ എന്നിവയെല്ലാം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയാകാന്‍ നടന്‍ വിവേക് ഗോപന്‍ എത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. റോഷന്‍ അലക്‌സ് എന്ന കഥാപാത്രത്തെയാണ് വിവേക് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബിസഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് നേരത്തെ പുറത്തുവിട്ട ട്രെയിലര്‍. മമ്മൂട്ടിയുടെ അഭിനയം തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.