മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഓണാഘോഷം

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ലോകം ഓണം ആഘോഷിക്കുമ്പോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇത്തവണത്തെ ഓണവും മഹാമാരിയുടെ പിടിയിലായതോടെ സിനിമകള്‍ സമ്മാനിക്കാന്‍ താരങ്ങള്‍ക്കായിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഓണാശംസകള്‍ നേരുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍. പൂക്കളമിടുന്നതിന്റെ ചിത്രമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി പങ്കു വച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞനിയത്തി മഹാലക്ഷ്മിയും ഉണ്ട്. ‘ഒരല്‍പം വൈകിപ്പോയി, എങ്കിലും’ എല്ലാവര്‍ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നുണ്ട് മീനാക്ഷി.

മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി. പതിനാറുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേര്‍പ്പെടുത്തിയ ദിലീപ് തുടര്‍ന്ന് 2016 നവംബര്‍ 25ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു. കാവ്യാ മാധവനില്‍ ദിലീപിന് പിറന്ന മകളാണ് മഹാലക്ഷ്മി.

പ്രശസ്തമായ വരിക്കാശേരി മനയുടെ മുന്‍പില്‍ അത്തപ്പൂക്കളമിടുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും താരം നേരുന്നുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും ഒപ്പമുള്ള ചിത്രമാണ് അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. കസവു വസ്ത്രങ്ങളില്‍ തിളങ്ങുന്ന കൃഷ്ണകുമാര്‍ കുടുംബത്തിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഭര്‍ത്താവ് ഇന്ദ്രജിത്ത് സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരുവോണ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌നേഹം, സമാധാനം, സന്തോഷം എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിരിക്കുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, അനുശ്രി, നവ്യ നായര്‍, ടോവിനൊ തോമസ് തുടങ്ങിയ താരങ്ങള്‍ ഓണ വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.