‘മെഗാ154’ല്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാവുന്നു

പ്രശസ്ത സംവിധായകന്‍ ബോയിയുടെ (കെ.എസ് രവീന്ദ്ര) പുതിയ ചിത്രം ‘മെഗാ154’ല്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാവുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 154 ാമത് ചിത്രമാണ് പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരത്തിന്റെ ജന്മദിനത്തില്‍ പുറത്തിറക്കി. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഒരു വഞ്ചിയില്‍ നങ്കൂരവുമായി ബീഡിയും വലിച്ച് ലുങ്കിയില്‍ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിരഞ്ജീവിയാണ് പോസ്റ്ററില്‍. താരത്തിന്റെ പ്രിയപ്പെട്ട ദൈവമായ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത പതാകയും ഉണ്ട്. സൂര്യന്‍ ഉദിക്കാന്‍ പോകുന്നതിനാല്‍ ചിരഞ്ജീവിയെ ഉദയ സൂര്യനായി കാണിക്കുന്ന തരത്തിലാണ് പോസ്റ്ററിലുള്ളത്. ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ സംവിയകന്‍ ബോബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.കെ മോഹനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം. പി.ആര്‍.ഒ വംശിശേഖര്‍, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ്സായിട്ടുണ്ട്. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ആര്‍.ബി ചൗധരി, എന്‍.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്.