അടിപൊളി ധമാക്ക…! ടൈറ്റില്‍ സോങ്ങ് ട്രെന്‍ഡിങ്ങില്‍

പുതുവത്സരവേളയില്‍ പുതിയ ചിത്രങ്ങളൊരുമ്പോള്‍ സംവിധായകന്‍ ഒമര്‍ ലുലുവും ഇത്തവണ പ്രേക്ഷകര്‍ക്ക് ഒരു കിടിലന്‍ സമ്മാനവുമായാണ്
എത്തിയിരിക്കുന്നത്. ഒളിമ്പ്യണ്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാൡള്‍ക്ക് സുപരിചിതനായ അരുണ്‍ കുമാറിനെ നായകനാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ്ങാണ് ഇപ്പോള്‍ റിലീസ് ചെയ്ത് ദിവസത്തിനുള്ളില്‍ തന്റെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. യുവനായിക പ്രിയ വാര്യരെ അടയാളപ്പെടുത്തിയ ഒരു അടാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ ഒരുക്കുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അടാര്‍ ലവ്വിലൂടെ തന്നെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം. നിക്കി ഗില്‍റാണിയാണ് ചിത്രത്തില്‍ നായിക തുല്യമായ വേഷത്തിലെത്തുന്നത്.

വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ സീനിയര്‍ താരം മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, സലീം കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സാബു മോന്‍, ശാലിന്‍ സോയ എന്നിവരും അണിനിരക്കുന്നുണ്ട്. ജനുവരി 2 ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെയാണ് ന്യൂ ഇയര്‍ സമ്മാനമെന്നോണം ടൈറ്റില്‍ സോങ്ങുമായി ഒമറും അണിയറപ്രവര്‍ത്തകരുമെത്തിയത്.