കലാഭവന്‍ മണിയുടെ മരണകാരണം കരള്‍ രോഗം, ദുരൂഹതയില്ലെന്ന് സിബിഐ

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. കരള്‍ രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് അടുത്ത ദിവസങ്ങളില്‍ അമിതമായി ബിയര്‍ കഴിച്ചതാണ് രക്തത്തില്‍ മീഥൈയില്‍ ആല്‍ക്കഹോളിന്റെ അംശം കൂടാനിടയായത്.

മണിയുടെ രക്തത്തില്‍ കണ്ടെത്തിയ ലഹരിപദാര്‍ഥം അദ്ദേഹം കഴിച്ചിരുന്ന ആയുര്‍വേദ ലേഹ്യത്തില്‍നിന്നാണെന്നും പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതുകൊണ്ടാണ് ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ ശരീരത്തില്‍ നാലു മില്ലീഗ്രാം മീഥൈല്‍ ആല്‍ക്കഹോളാണ് കണ്ടെത്തിയത്. അത് മരണകാരണമാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അവസാനകാലങ്ങളില്‍ ബിയറാണ് മണി കൂടുതല്‍ ഉപയോഗിച്ചിരുന്നത്. 15 കുപ്പി ബിയര്‍വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ അവസ്ഥ അതീവ ദുര്‍ബലമായിരുന്നു. ബിയറില്‍ കുറഞ്ഞ അളവിലാണ് മീഥൈല്‍ ആല്‍ക്കഹോളുള്ളത്. എന്നാല്‍, കരള്‍ വളരെ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍നിന്നു പുറന്തള്ളാതെ കിടക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപിക്കരുതെന്ന് പലതവണ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടും മണി അതൊന്നും കേള്‍ക്കാതിരുന്നതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കള്‍ അടക്കം ആറുപേരെ സിബി ഐ നുണപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. 2016 മാര്‍ച്ച് അഞ്ചിനാണ് കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ട് മരിക്കുകയായിരുന്നു.