ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നേടിയത്. ഇതിന് താഴെ നിരവധി മലയാളികള്‍ വിമര്‍ശനവുമായി എത്തിയിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഒമര്‍ പറയുന്നത്. ഒരാള്‍ക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റൊരാള്‍ക്ക് ഇഷ്പ്പെടാന്‍ പാടില്ലെന്നാണോ എന്നാണ് വിമര്‍ശകരോട് ഒമര്‍ ലുലുവിന്റെ ചോദ്യം.
സത്യം പറഞ്ഞാ ചിരി വരും അഡാറ് ലവ് ഹിന്ദി ഡബ് റിലീസ് ചെയ്‌ത യൂട്യൂബ് ചാനലിൽ കിടന്ന് ചില മലയാളികൾ കരയുന്നത് കണ്ടാ . നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടാൻ പാടില്ല എന്ന് ഉണ്ടോ ?എന്നാണ് വിമര്‍ശകരോട് ഒമര്‍ ലുലുവിന്റെ ചോദ്യം.
‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. മലയാളം പതിപ്പില്‍ ആഘോഷിക്കപ്പെട്ടത് പ്രിയ വാര്യരായിരുന്നെങ്കില്‍ ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന് കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പ്രധാന കഥാപാത്രമായ റോഷന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വകരിച്ചപ്പോള്‍ പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലത്തില്‍ പ്രിയ വാര്യരുടെ കഥാപാത്രത്തിന് പ്രധാന്യമില്ലെന്നും പബ്ലിസിറ്റി പരിഗണിച്ചാണ് അങ്ങനെ ഒരു കഥാപാത്രത്തെ കൂട്ടിച്ചേര്‍ത്തതെന്നുമാണ് കമന്റ് ബോക്‌സിലെ പ്രതികരണങ്ങള്‍. ചിത്രത്തിലെ രണ്ടാമത്തെ ക്ലൈമാക്‌സോടെ പ്രിയ വാര്യരുടെ കഥാപാത്രത്തിന്റെ പ്രധാന്യം തീര്‍ത്തും ഇല്ലാതാവുകയാണെന്നും കമന്റുകളുണ്ട്.
അഡാര്‍ ലൗവ്വിന്റെ മലയാളം പതിപ്പ് പുറത്തുവരുന്നതിന് മുന്‍പ് പുറത്തുവിട്ട രണ്ട് ഗാനങ്ങളിലൂടെ മലയാളത്തിന് പുറത്തുവരെ പ്രിയ വാര്യര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് ചിത്രം വലിയ പ്രതീക്ഷയോടെയായിരുന്നു മലയാളത്തില്‍ പുറത്തെത്തിയത്. ചിത്രത്തിന് പിന്നാലെ ബോളിവുഡിലേക്കും പ്രിയ വാര്യര്‍ ചുവടുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തെത്തിയത്.