‘ബനേര്‍ഘട്ട’ ആമസോണ്‍ റിലീസ്

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം ബനേര്‍ഘട്ട ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണില്‍ നേരിട്ട് റിലീസ് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. ജൂണ്‍ അവസാനത്തോടെയായിരിക്കും റിലീസ് ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. ത്രില്ലര്‍ സ്വഭാവം തോന്നിക്കുന്ന തരത്തിലാണ് രണ്ട് മിനിറ്റ് 12 സെക്കന്റ് ദൈര്‍ഖ്യം വരുന്ന ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നായക കഥാപാത്രത്തിന്റെ ഒരു യാത്രയും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിലുള്ളത്.ഒരു ഡ്രൈവർ, അയാൾക്ക് പല സമയങ്ങളിൽ പലയോളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങൾ, അയാൾ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങൾ, ഇവയൊക്കെയാണ് സിനിമ പറയുന്നത്.

കോപ്പി റൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ബനേര്‍ഘട്ടയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ബിനുവാണ്. എഡിറ്റര്‍ പരീക്ഷിത്ത്, കല വിഷ്ണു രാജ്,മേക്കപ്പ് ജാഫര്‍,ബി ജി എംറീജോ ചക്കാലയ്ക്കല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

2019ലാണ് കാര്‍ത്തിക് രാമകൃഷ്ണന്റെ ഷിബു റിലീസ് ചെയ്തത്. അര്‍ജുന്‍ ഗോകുല്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. കാര്‍ത്തിക്, അഞ്ചു കുര്യന്‍, സലീം കുമാര്‍, ബിജു കുട്ടന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.

കാര്‍ഗോ സിനിമാസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം ഷബീര്‍ അഹമ്മദാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റര്‍. സച്ചിന്‍ വാര്യര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 1.8 കോടിയായിരുന്നു.