
കസബയിലെ മമ്മൂട്ടിയുടെ രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് പ്രഖ്യാപിച്ച് നിർമ്മാതാവ് ജോബി ജോർജ്. ഗീതുമോഹൻദാസ് ചിത്രം ടോക്‌സിക് ടീസർ പുറത്ത് വന്ന് വിവാദമായതിന് പിന്നാലെയാണ് ജോബിന്റെ പ്രഖ്യാപനം. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണോ അതോ ചിത്രം റീറിലീസായി വീണ്ടും തിയറ്ററുകളിലെത്തും എന്നാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ജോബിയുടെ പ്രഖ്യാപനം.
“ടോക്‌സികിന്റെ” ടീസർ റിലീസായതിനു പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ നിഥിൻ രഞ്ജി പണിക്കരും രംഗത്തെത്തിയിരുന്നു. ‘കസബയുടെ’ സംവിധായകൻ കൂടിയാണ് നിഥിൻ. ‘കസബ’യ്‌ക്കെതിരെ പ്രതികരിച്ചിട്ട് കന്നടയിൽ പോയി വിമർശനാത്മകമായ രീതിയിൽ ചിത്രമെടുത്തു വെച്ചിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടികാണിച്ചായിരുന്നു നിഥിന്റെ പ്രതികരണം. പ്രശസ്‌ത എഴുത്തുകാരൻ സക്കറിയയുടെ വരികളാണ് നിഥിൻ പങ്കുവെച്ചിരിക്കുന്നത്.
അന്ന് ‘കസബയ്ക്ക്’ എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്‌നമില്ലെന്നാണോ, എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം സൃഷ്‌ടിച്ചിരുന്നു. തമിഴ് നടൻ ശരത് കുമാറിൻ്റെ മകൾ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സമ്പത്ത്, നേഹ സക്സേന, ജഗദീഷ് എന്നിവരായിരുന്നു മറ്റുതാരങ്ങൾ.
2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കസബ’യെച്ചൊല്ലിയുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ നടി പാർവതി തിരുവോത്ത് നടത്തിയ രൂക്ഷവിമർശനമാണ് സംഭവങ്ങളുടെ തുടക്കം. ചർച്ചയുടെ തുടക്കത്തിൽ സിനിമയുടെ പേര് പറയാൻ പാർവതി മടിച്ചെങ്കിലും, വേദിയിലുണ്ടായിരുന്ന സംവിധായിക ഗീതു മോഹൻദാസ് “സേ ഇറ്റ്, സേ ഇറ്റ്” (അത് പറയൂ) എന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പാർവതി ‘കസബ’യുടെ പേരെടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചത്.
ഈ സംഭവം പുറത്തുവന്നതോടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർക്കും ചിത്രത്തിനും നേരെയും വ്യാപകമായ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ഉയർന്നു. സിനിമയിലെ സ്ത്രീവിരുദ്ധത പൊതുവേദിയിൽ ചോദ്യം ചെയ്യപ്പെട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറി. എന്നാൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ മാസ്സ് ഡയലോഗുകളും, പുകവലിയും, ആഘോഷിക്കപ്പെടുന്ന ആണത്തവും നിറഞ്ഞ ഒരു ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. പണ്ട് ഗീതു എതിർത്ത അതേ ‘ടോക്‌സിക് മാസ്‌കുലിനിറ്റി’ സ്വന്തം സിനിമയിൽ ആഘോഷിക്കുമ്പോൾ, അവരുടെ ആദർശങ്ങൾ എവിടെപ്പോയി എന്നാണ് നിഥിൻ തൻ്റെ സ്‌റ്റോറിയിലൂടെ ചോദിക്കുന്നത്.