
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ തിയേറ്ററുകളിൽ നേരിടുന്ന പ്രതികരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. 500 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം കണ്ടപ്പോഴുള്ള ദുരനുഭവം വ്യക്തമാക്കി അനു ചന്ദ്ര എന്ന ഫെയ്സ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2011-ൽ പുറത്തിറങ്ങിയ സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ എന്ന കുറഞ്ഞ ബജറ്റ് ചിത്രത്തിന്റെ കാലഘട്ടത്തിലേക്ക് ഗീതു മോഹൻദാസ് ഇറങ്ങിപ്പോയതിൽ ഏറെ സങ്കടമുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
തിയേറ്ററിൽ ഇരുന്ന് സ്വസ്ഥമായി ചിത്രം കാണാൻ കഴിയാത്ത വിധം അസഭ്യവർഷവും ബഹളങ്ങളുമാണ് പ്രേക്ഷകരിൽ നിന്ന് ഉണ്ടായതെന്ന് അനു ചന്ദ്ര പറയുന്നു. അഞ്ച് ലക്ഷം രൂപ ബജറ്റിൽ പുറത്തിറങ്ങിയ പണ്ഡിറ്റ് ചിത്രത്തിന്റെ സമയത്ത് തിയേറ്ററുകളിൽ ഉയർന്ന അതേ അന്തരീക്ഷമാണ് കോടികൾ മുടക്കി നിർമ്മിച്ച ‘ടോക്സിക്’ കാണുമ്പോഴും അനുഭവിക്കേണ്ടി വന്നത്. ആളുകൾ മത്സരിച്ച് തെറി വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ സിനിമ മുഴുവനായി കാണാനാകാതെ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്ന സാഹചര്യം വിശദീകരിക്കുന്ന കുറിപ്പ്, പ്രേക്ഷക സംസ്കാരത്തിന്റെ അധപതനത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
കേരളത്തിൽ നിന്ന് ചിത്രത്തിന് വൻ രീതിയിലുള്ള നെഗറ്റീവ് റിവ്യൂകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുകയും ഒബ്ജക്റ്റിഫൈ ചെയ്യുകയും ചെയ്തുവെന്ന വിമർശനവും സിനിമയ്ക്കെതിരെ ശക്തമായി ഉയരുന്നുണ്ട്.
എന്നാൽ, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ താൻ ഒബ്ജക്റ്റിഫൈ ചെയ്തിട്ടില്ലെന്നാണ് പ്രൊമോഷൻ ചടങ്ങുകളിൽ സംവിധായിക ഗീതു മോഹൻദാസ് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും, പ്രേക്ഷകർ തിയേറ്ററിലെത്തി സിനിമ കണ്ട ശേഷം സംസാരിക്കാൻ താൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു. കല ആളുകളെ ചിന്തിപ്പിക്കുന്നതാകണമെന്നും താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നുമാണ് ഗീതു മോഹൻദാസിന്റെ നിലപാട്.