‘നിഴല്‍’ സെന്‍സറിങ് കഴിഞ്ഞു; ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ്

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ സെന്‍സറിങ് കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഏപ്രില്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും ലഭിച്ച എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ പശ്ചാത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവര്‍ക്കും പുറമെ മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.