രാജീവ് രവിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ നിവിനും

കായംകുളം കൊച്ചുണ്ണിക്ക് ശേഷം വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി നിവിന്‍ പോളി. സംവിധായകന്‍ രാജീവ് രവിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളത്തിലെയും തമിഴിലെയും ഒട്ടനവധി താരങ്ങള്‍ അണിനിരക്കുമെന്നാണ് സൂചന. മിഖായേലിന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഓണത്തിന് റിലീസ് ചെയ്യാനായിട്ടാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്.

സംവിധായികയും നടിയും രാജീവ് രവിയുടെ ഭാര്യയുമായ ഗീതു മോഹന്‍ദാസിന്റെ ചിത്രമായ മൂത്തോനിലും നിവിന്‍ പോളിയാണ് പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന പൈറേറ്റ്‌സ് ഓഫ് ദ ഡീഗോ ഗാര്‍സിയ എന്ന ചിത്രവും നിവിന്റേതായി ഒരുങ്ങുന്നുണ്ട്. റോഷനും നിവിനും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിക്കുന്നത്.