പേരന്‍പിന് ശേഷം നിവിന്‍ പോളിക്കൊപ്പം റാം, പുതിയ ചിത്രം പ്രഖ്യാപിച്ചു

','

' ); } ?>

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചു.മമ്മൂട്ടി നായകനായ പേരന്‍പ് എന്ന സിനിമക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.അഞ്ജലിയാണ് നായിക. സൂരിയും പ്രധാന റോളിലുണ്ട്. ചിത്രത്തിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.രക്ഷിത് ഷെട്ടിയുടെ ‘ഉള്ളിതവരു കണ്ടന്തേ’ റീമേക്ക് റിച്ചിയാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ പുറത്തുവന്ന തമിഴ് ചിത്രം.

ചിത്രത്തിന്റെ നിര്‍മ്മാതാവായ സുരേഷ് കാമാച്ചിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവില്‍ സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സ് സിലമ്പരസന്റെ മാനാട് എന്ന ചിത്രമാണ് നിര്‍മ്മിക്കുന്നത്. ‘തെന്നിന്ത്യന്‍ സിനിമയിലെ ആദരണീയരായ പേരുകളെ വെച്ച് പുതിയൊരു യാത്ര തുടങ്ങുകയാണ്’ എന്നാണ് സുരേഷ് ട്വീറ്റ് ചെയ്തത്.

മൂത്തോന്‍ എന്ന സിനിമക്ക് ശേഷം നിവിന്‍ പോളി ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും റാം ചിത്രത്തിനുണ്ട്.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

തുറമുഖം, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളാണ് നിവിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

രാജീവ് രവിയാണ് തുറമുഖം സംവിധാനം ചെയ്യുന്നത്. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം.ബിഗ് ബജറ്റ് ചിത്രമായ ‘തുറമുഖം’ കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ റിലീസ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്ടുകളിലൊന്നാണ് തുറമുഖം. രാജീവ് രവി തന്നെയാണ് തുറമുഖം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നിവിന്‍ പോളി നായകനായെത്തുന്ന ‘കനകം കാമിനി കലഹം’. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം.