“ഇൻഫോസിസിൽ നിന്ന് രാജിവച്ച ആ നിമിഷം, ജീവിതത്തിലെ സൂപ്പറായ ഒരു കാര്യം അതാണ്”; നിവിൻ പോളി

','

' ); } ?>

സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങാൻ എടുത്ത തീരുമാനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമെന്ന് നടൻ നിവിൻ പോളി. ഇൻഫോസിസ് ജോലി രാജിവച്ച് അയച്ച ആ ഇമെയിൽ അയച്ച നിമിഷമാണ് തനിക്ക് തന്നോട് തന്നെ ഏറ്റവും കൂടുതൽ അഭിമാനം തോന്നിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം പങ്കുവെച്ചത്. തന്റെ പുതിയ ചിത്രമായ ‘യേഴു കടൽ യേഴു മലൈ’യുടെ പ്രൊമോഷന്റെ ഭാഗമായാണ് നിവിൻ പോളി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പഠനത്തിന് ശേഷം ഒരു ജോലി വേണമെന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ ആ ജോലി തനിക്ക് തൃപ്തി തരുന്നില്ലെന്ന് മനസ്സിലായപ്പോഴാണ് രാജി വെക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വകവെക്കാതെ സ്വന്തം മനസ്സ് പറയുന്നത് കേൾക്കാനാണ് താരം യുവതലമുറയോട് ആഹ്വാനം ചെയ്യുന്നത്. ജോലി ഉപേക്ഷിച്ച് എങ്ങോട്ട് പോകുമെന്നോ എന്ത് ചെയ്യുമെന്നോ ഉള്ള വ്യക്തത ആ സമയത്ത് ഉണ്ടായിരുന്നില്ലെങ്കിലും ആ തീരുമാനം എടുക്കുകയായിരുന്നു.

സുഹൃത്ത് അൽഫോൺസ് പുത്രനുമായുള്ള സൗഹൃദമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്നും നിവിൻ ഓർമിച്ചു. സിനിമാലോകം സാധാരണക്കാർക്ക് പ്രാപ്യമല്ലെന്ന ചിന്ത മാറ്റി, പരിശ്രമിച്ചാൽ ആർക്കും അവിടെയെത്താം എന്ന ആത്മവിശ്വാസം തനിക്ക് തന്നത് അൽഫോൺസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിവിൻ പോളിയുടെ വാക്കുകൾ;

“ഇൻഫോസിസിൽ നിന്ന് രണ്ട് വർഷം ജോലി ചെയ്ത ശേഷം രാജിവച്ച ആ നിമിഷം, അതാണ് എന്റെ ജീവിതത്തിലെ സൂപ്പറായ ഒരു കാര്യം. നമ്മൾ രാജിക്കത്തിൽ ഒപ്പിട്ടിട്ട് മെയിൽ അയക്കില്ലേ. ആ സമയമാണ് എനിക്ക് ഞാൻ സൂപ്പർ ആണെന്ന് തോന്നിയത്. രാജി വച്ച സമയത്ത് എന്റെ മനസിൽ മറ്റൊന്നുമില്ലായിരുന്നു. ഇതെനിക്ക് ഇഷ്ടമല്ല, ഇതല്ല ഞാൻ ആ​ഗ്രഹിച്ചത് എന്ന് നമ്മുടെ ഉള്ളിൽ നിന്ന് നമ്മളോട് പറയില്ലേ. പഠിത്തമൊക്കെ കഴിഞ്ഞ് നമുക്കൊരു ജോലി വേണം. അത് ഇന്നത് തന്നെ വേണമെന്ന് നിയമമൊന്നുമില്ലല്ലോ.

പക്ഷേ നമ്മൾ ആരോടെങ്കിലും രാജി വയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞാൽ, ‘എടാ നീ രാജി വയ്ക്കല്ലേ. നിനക്ക് സാലറി കിട്ടുന്നതല്ലേ. അത് പിന്നെ പ്രശ്നമാകും’ എന്നൊക്കെ എല്ലാവരും പറയുമായിരുന്നു. ഞാൻ പറയും, ഇല്ല. ഇതല്ല എനിക്ക് വേണ്ടത്. ഇവിടെയല്ല ഞാൻ നിൽക്കേണ്ടത് എന്ന്. അതിങ്ങനെ എപ്പോഴും ഉള്ളിൽ നിന്ന് വന്ന് വന്നാണ് രാജി വയ്ക്കാം എന്ന തീരുമാനത്തിലേക്ക് ഞാനെത്തുന്നത്.

രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ ആ തീരുമാനമെടുത്തു. രാജിയൊക്കെ വച്ചു കഴിഞ്ഞ് കുറേ നാൾ പിന്നെ അൽഫോൺസിന്റെ കൂടെയായിരുന്നു. അവൻ എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്. അവനെപ്പോഴും സിനിമയുമായാണ് ഇരിക്കുന്നത്. ഫുൾ ടൈം എഡിറ്റിങ്, സിനിമകൾ കാണുക… അങ്ങനെയാണ് അവന്റെ ലോകം. ഒരു ഒന്നൊന്നര വർഷം ഞാൻ അവനോടൊപ്പം തന്നെയായിരുന്നു.

എല്ലാദിവസവും ഞങ്ങൾ കാണും, സിനിമയെക്കുറിച്ച് ചർച്ച ചെയ്യും. സിനിമ എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പുറത്തേക്ക് കൊണ്ടുവന്ന ആദ്യത്തെ വ്യക്തി അൽഫോൺസ് ആണ്. അതുവരെ, സിനിമയുണ്ട്…അഭിനേതാക്കളുണ്ട്.. വലിയ സിനിമകളുണ്ട് എന്നൊക്കെ മാത്രമേ നമുക്കറിയൂ. അവിടേക്കൊന്നും നമുക്ക് എത്തിപ്പെടാൻ പറ്റില്ല, അവരൊക്കെ സിനിമാക്കാരാണ്, നമ്മൾ സാധാരണക്കാരാണ് എന്നൊക്കെയുള്ള ചിന്തയായിരുന്നു.

എന്നാൽ ശ്രമിച്ചാൽ ആ ലോകത്തേക്ക് കടന്നു ചെല്ലാം എന്നൊരു വിശ്വാസവും ആത്മവിശ്വാസവുമൊക്കെ തന്നത് അൽഫോൺസ് ആയിരുന്നു. അന്ന് ആ ജോലി രാജി വച്ചതിൽ എനിക്ക് അഭിമാനമേ ഉള്ളൂ. ഞാനെപ്പോഴും എന്റെ സുഹൃത്തുക്കളോട് പറയും.

നിങ്ങൾ നിങ്ങളുടെ മനസ് പറയുന്ന കാര്യം കേൾക്കണമെന്ന്. നമ്മുടെ മനസിൽ നിന്ന് വരുന്ന കാര്യങ്ങളെ ഒരിക്കലും മറ്റ് ശബ്ദങ്ങളുടെ പേരിൽ നമ്മൾ തള്ളിക്കളയരുത്. മറ്റ് ശബ്ദങ്ങളെ വേണം നിങ്ങൾ ഒഴിവാക്കാൻ, എന്നിട്ട് മനസ് പറയുന്നത് കേൾക്കണം”.

Leave a Reply

Your email address will not be published. Required fields are marked *