‘മൂത്തോന്‍’ വരവറിയിച്ച് ട്രെയ്‌ലര്‍

മലയാള സിനിമയുടെ അഭിമാനം ലോക സിനിമയിലേക്കു ഉയര്‍ത്തിയ മൂത്തോന്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ എത്തുന്നു. ഒക്ടോബര്‍ പതിനൊന്നിന് ട്രെയ്‌ലര്‍ എത്തും. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‌ലര്‍ എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ 21ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമായിരുന്നു. ഒക്ടോബര്‍ 17നാണ് പ്രദര്‍ശനം. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.

‘മൂത്തചേട്ടനെ ലക്ഷദ്വീപില്‍ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്. മൂത്തവന്‍ എന്നാണ് അര്‍ഥം. ലൊക്കേഷനില്‍ ബോംബെയും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.’ എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാകും മൂത്തോന്‍. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ.