എം.പത്മകുമാര്‍ ചിത്രത്തില്‍ ഇനി ആസിഫും സുരാജും

‘ജോസഫ്’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. പത്മകുമാര്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

മഹിമ നമ്പ്യാര്‍, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് രതീഷ് റാമാണ്. രഞ്ജിന്‍ രാജാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. കിരണ്‍ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് ആണ്.

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കമാണ് പത്മകുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.