‘എനിക്കെതിരെ ആരോപണം വന്ന സമയം, കൂടെയുണ്ട് എന്ന വക്കിൽ ചേർത്തു നിർത്തി”; അനുഭവം പറഞ്ഞ് നിവിൻ പോളി

','

' ); } ?>

ജീവിതത്തിൽ വലിയ പ്രതിസന്ധികളും വിവാദങ്ങളും നേരിട്ട സമയത്ത് തന്നെ ചേർത്തുപിടിച്ച കല്യാൺ കുടുംബത്തിന്റെ നന്മയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ നിവിൻ പോളി. കോഴിക്കോട്ട് നടന്ന കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാന ചടങ്ങിലാണ് തനിക്കെതിരെയുള്ള വ്യാജ ആരോപണ കാലഘട്ടത്തിൽ ലഭിച്ച പിന്തുണ താരം വൈകാരികമായി ഓർത്തെടുത്തത്.

ഒന്നര-രണ്ട് വർഷം മുമ്പ് തനിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്ന രാത്രിയിൽ കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാൺ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് നിർബന്ധിച്ച് വരുത്തുകയായിരുന്നുവെന്ന് നിവിൻ വ്യക്തമാക്കി. വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ പരിപാടിക്ക് വരുന്നത് ശരിയാവില്ലെന്ന് താൻ പറഞ്ഞെങ്കിലും, “എന്തായാലും വന്നേ പറ്റൂ, കല്യാൺ കൂടെയുണ്ട്” എന്ന് അവർ വ്യക്തമാക്കുകയായിരുന്നു. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ തനിക്കൊപ്പം നിന്ന ആ കരുതൽ വ്യക്തിപരമായി എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിൽക്കുന്നവരെയാണ് യഥാർത്ഥത്തിൽ തിരിച്ചറിയേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

നിവിൻ പോളിയുടെ വാക്കുകൾ

‘ഒന്ന് രണ്ട് വർഷങ്ങൾക്കു മുൻപ് എനിക്കെതിരെ ഒരു ആരോപണം ഉണ്ടായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു, അന്ന് രാത്രി നടക്കുന്ന പരിപാടിയിൽ രമേശ്ജി രാത്രി വിളിച്ചിട്ട് വരാൻ പറഞ്ഞു, ‘ഞാന്‍ വരുന്നില്ല. ഇങ്ങനെ ഒരു ഇഷ്യൂ നടക്കല്ലേ, അപ്പോൾ ഞാൻ വന്നാൽ ശരിയാവില്ല,’ എന്ന് ഞാന്‍ പറഞ്ഞു. എന്തായാലും വന്നേ പറ്റൂ എന്ന് അവര്‍ എന്നെ നിർബന്ധിച്ചു. ആ രാത്രി ഞാൻ പോയി.

അവിടെ ചെന്നപ്പോള്‍ ചോദിച്ചു, ‘എന്നെ വിളിച്ചത് എന്തിനാണ്? എന്നെ വിളിക്കണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, ഇങ്ങനെ ഒരു സിറ്റുവേഷൻ നിൽക്കുവല്ലേ’. കല്യാൺ കൂടെ ഉണ്ട് എന്നാണ് എന്നോട് പറഞ്ഞത്. കാരണം നിങ്ങൾ ഒരു പ്രശ്നത്തിൽ നിൽക്കുമ്പോൾ മാറിനിൽക്കുന്നവർ അല്ല, കൂടെ ഉണ്ട് എന്ന് പറഞ്ഞു. എല്ലാവരും അങ്ങനെ ചെയ്യണം എന്നില്ലല്ലോ.

അത് വളരെ പേർസണൽ ആയി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യമാണ്. നമുക്ക് ഒരു പ്രശ്നം വരുമ്പോൾ ആരൊക്കെയാണ് കൂടെ നിൽക്കുന്നത് എന്നതാണല്ലോ ഏറ്റവും വലിയ കാര്യം. അങ്ങനെ എനിക്ക് കിട്ടിയ വലിയൊരു അനുഭവമായിരുന്നു കല്യാൺ ഫാമിലിയിൽ നിന്ന്.

കല്യാണ്‍ ഹോംസ് ബ്രാന്‍ഡ് അംബാസിഡറായ നിവിന്‍ 62 കുടുംബങ്ങള്‍‌ക്കുള്ള താക്കോലാണ് കൈമാറിയത്. കല്യാണ്‍ ഹോംസിന്‍റെ കേരളത്തിലെ 18–ാമത്തെയും കോഴിക്കോട്ടെ രണ്ടാമത്തേയും പ്രോജക്ടാണ് ചാലപ്പുറത്തേത്. കല്യാണുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.