അമ്പതാം ചിത്രത്തിന്റെ പോസ്റ്ററില്‍ തിളങ്ങി നിത്യ മേനോന്‍.. ഇത്തവണ ഷൈന്‍ ടോമിനൊപ്പം

തന്റെ വ്യത്യസ്ഥമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നിത്യ മേനോന്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയത് ഈ വര്‍ഷം പുറത്തിറങ്ങിയ പ്രാണ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാലിപ്പോള്‍ വീണ്ടും കോളാമ്പി, ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കോളാമ്പി എന്നീ ചിത്രങ്ങളിലൂടെ താരം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ തയ്യാറാടെക്കുകയാണ്. ആറാം തിരുകല്‍പ്പന നിത്യയുടെ അമ്പതാം ചിത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കു വെച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്.
ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം ശ്രീകുമാര്‍ മേനോനാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ പറയുന്ന ‘Everyone has the right to life, liberty and the security of person.’ എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്‍പ്പനയും ഒന്ന് തന്നെ. ഇതാണ് ചിത്രത്തിന്റെ പ്രമേയം.

ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍, തമിഴ് സൈക്കോ ത്രില്ലര്‍ സൈക്കോ എന്നീ സിനിമകള്‍ക്ക് ശേഷം നിത്യ മേനോന്‍ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകല്‍പ്പന. പോലീസ് വേഷത്തിലാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. ഷെയ്ന്‍ നിഗം പ്രാധാനവേഷത്തിലെത്തിയ ഇഷ്‌കിലെ ആല്‍ബി എന്ന ശക്തമായ പ്രതിനായക കഥാപാത്രത്തിനുശേഷം ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കോറിഡോര്‍ സിക്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആറാം തിരുകല്‍പനയുടെ ഷൂട്ടിങ് ഒക്ടോബര്‍ അവസാനം കോഴിക്കോട്ട് ആരംഭിക്കും. മലബാറിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രമാണ് ആറാം തിരുകല്പന.