
പണത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് നടി നിത്യാമേനോൻ. ആളുകൾ പലപ്പോഴും പണത്തെ തെറ്റായ കാര്യങ്ങളുമായാണ് ബന്ധപ്പെടുത്തുന്നതെന്നും സാമ്പത്തിക സ്വാതന്ത്ര്യം വളരെ മനോഹരമായ ഒരു കാര്യമാണെന്നും നിത്യ വ്യക്തമാക്കി. ഗോപിനാഥ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
പണമുള്ളവർ നല്ല മനുഷ്യരല്ല എന്ന ധാരണ സമൂഹത്തിൽ പലപ്പോഴും കാണാറുണ്ടെങ്കിലും, ഇന്ത്യൻ സംസ്കാരത്തിൽ പണത്തെ മഹാലക്ഷ്മിയായാണ് കാണുന്നതെന്ന് നിത്യ ചൂണ്ടിക്കാട്ടി. സുഖമായി ജീവിക്കാനും സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാനും പണം സഹായിക്കുന്നുണ്ട്. ഇപ്പോൾ രണ്ടു വർഷം സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ തോന്നിയാൽ അത് എടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും, എന്നാൽ അതിനൊപ്പം ശരിയായ മാനസികാവസ്ഥ കൂടി ഉണ്ടായിരിക്കണമെന്നും താരം പറഞ്ഞു.
തന്റെ കൈവശമുള്ളതിനേക്കാൾ ഇരുപതും മുപ്പതും മടങ്ങ് സമ്പത്തുള്ളവർ പോലും അത് മതിയാകാതെ വീണ്ടും വേണമെന്ന് ആഗ്രഹിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ തനിക്ക് ഒരിക്കലും അത്യാഗ്രഹം തോന്നിയിട്ടില്ലെന്നും, ഉള്ളതിൽ താൻ വളരെയധികം സംതൃപ്തയും സന്തോഷവതിയുമാണെന്നും നിത്യ കൂട്ടിച്ചേർത്തു.
താൻ വാങ്ങുന്ന പ്രതിഫലം വളരെ കുറവാണെന്നും, പുതുമുഖങ്ങൾ പോലും വലിയ പ്രതിഫലം വാങ്ങുന്നുണ്ടെന്ന കാര്യം പോലും തനിക്കറിയില്ലായിരുന്നുവെന്നും നിത്യ വെളിപ്പെടുത്തി. കൂടുതൽ പ്രതിഫലം ആവശ്യപ്പെടാൻ സാധിക്കുമെങ്കിലും എവിടെയോ ഒരു സംതൃപ്തി തോന്നുന്നതിനാലാണ് അങ്ങനെ ചെയ്യാത്തതെന്നും, ‘താൻ സുരക്ഷിതയാണ്, എല്ലാം ഓക്കെയാണ്’ എന്ന മാനസികാവസ്ഥയാണ് തനിക്ക് സന്തോഷം നൽകുന്നതെന്നും നിത്യ മേനോൻ വ്യക്തമാക്കി.
നിത്യയുടെ വാക്കുകൾ
“സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് വളരെ മനോഹരമായ ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുണ്ടായിരിക്കുന്നത് വളരെ നല്ല കാര്യമാണ്. ആളുകൾ മിക്കപ്പോഴും പണത്തെ തെറ്റായ കാര്യങ്ങളുമായാണ് ബന്ധപ്പെടുത്തുന്നത്. പണമുള്ളവർ നല്ല മനുഷ്യരല്ല എന്നൊക്കെ പറയാറുണ്ട്. ഇന്ത്യയിലെ രീതി വച്ചുനോക്കുമ്പോൾ പണത്തെ നമ്മൾ മഹാലക്ഷ്മിയായാണ് കാണുന്നത്.
കാരണം, എനിക്ക് സുഖമായിരിക്കാനുള്ള സാഹചര്യം അവർ ഒരുക്കിത്തരുന്നു. ഇപ്പോൾ എനിക്കൊരു രണ്ട് വർഷം ഇടവേളയെടുക്കണമെന്നുണ്ടെങ്കിൽ, ഞാൻ അത് എടുക്കും. സിനിമ തീർച്ചയായും അവിടെയുണ്ട്. പക്ഷേ നമുക്കും ആ ഒരു മൈൻഡ് സെറ്റ് ഉണ്ടാകണം. എന്റെ കയ്യിലുള്ളതിനേക്കാൾ ഏകദേശം 20- 30 മടങ്ങ് കൂടുതൽ സാമ്പത്തികമുള്ള ആളുകളെ എനിക്കറിയാം. എന്നിട്ടും അവർക്ക് ഇത് പോരാ എന്ന് തോന്നുന്നു.
അവർക്കിതു മതിയാകുന്നില്ല, ഇനിയും വേണം എന്നൊരു തോന്നലാണ്. എനിക്ക് സത്യത്തിൽ അത്യാഗ്രഹമൊന്നുമില്ല. എനിക്കൊരിക്കലും അത്യാഗ്രഹം തോന്നിയിട്ടില്ല, ആ ഒരനുഗ്രഹത്തിൽ ഞാനെന്നും നന്ദിയുള്ളവളാണ്. ഇനിയും വേണം… ഇനിയും വേണം അങ്ങനെ തോന്നിയിട്ടില്ല എനിക്ക്. എനിക്കുള്ളതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ഞാൻ പ്രതിഫലം വാങ്ങിക്കുന്നതു പോലും വളരെ കുറവാണ്. പിന്നെ, പുതുമുഖങ്ങൾ വരെ ഇത്രയും പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്ന കാര്യം പോലും എനിക്കറിയില്ലായിരുന്നു. എനിക്ക് വേണമെങ്കിൽ കൂടുതൽ ആവശ്യപ്പെടാം, എങ്കിലും എവിടെയോ എനിക്ക് സംതൃപ്തി തോന്നുന്നുണ്ട്. ഞാൻ ഹാപ്പിയാണ്. നമുക്കും അങ്ങനെയൊരു മൈൻഡ് സെറ്റ് ഉണ്ടാകണം. എനിക്ക് ഇതിൽ കുഴപ്പമില്ല, ഞാൻ ഓക്കെയാണ്, ഞാൻ സുരക്ഷിതയാണ് എന്നൊക്കെ.”