
നടൻ മമ്മൂട്ടിക്കെതിരായ മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തറുടെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മീഡിയവൺ ചാനലിലെ ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയിലൂടെയാണ് മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളെയും വ്യക്തിജീവിതത്തിലെ തിരഞ്ഞെടുപ്പുകളെയും വിമർശിച്ച് നിഷാദ് റാവുത്തർ രംഗത്തെത്തിയത്. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളുടെ അംബാസിഡർ എന്ന മമ്മൂട്ടിയെക്കുറിച്ചുള്ള മിഥ്യാബോധം സിപിഎമ്മുകാരും പൊതുസമൂഹവും അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെടുന്നത്.
ഭരണകൂടത്തിന്റെ പ്രീതിയും പുരസ്കാരങ്ങളും ലക്ഷ്യമിട്ടാണ് മമ്മൂട്ടി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഗുജറാത്തിലെ പട്ടേൽ പ്രതിമ സന്ദർശിച്ചതെന്നുമാണ് നിഷാദിന്റെ ആരോപണം. ഭാരതരത്നം പോലുള്ള വലിയ പുരസ്കാരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്താൽ ചില രാഷ്ട്രീയ പ്രോട്ടോക്കോളുകളിൽ നിന്ന് മമ്മൂട്ടി ഒഴിഞ്ഞുമാറുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്വാർത്ഥമായ ആഗ്രഹങ്ങളും അംഗീകാരങ്ങൾക്കായുള്ള അടങ്ങാത്ത മോഹങ്ങളുമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ നയിക്കുന്നത്. എന്നാൽ ഇത്തരം നിലപാടുകൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിഷാദ് റാവുത്തർക്ക് നേരിടേണ്ടി വരുന്നത്.
നിഷാദ് റാവുത്തറുടെ ഈ പരാമർശങ്ങൾ സിനിമ-രാഷ്ട്രീയ രംഗങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ കരിയറും പാൻ ഇന്ത്യൻ സ്വീകാര്യതയും മുൻനിർത്തിയാണ് ഇത്തരം രാഷ്ട്രീയ-വ്യക്തിപരമായ സൂക്ഷ്മതകൾ അവർ പാലിക്കുന്നതെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അതേസമയം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പേരിൽ വലിയ രീതിയിൽ സംഘപരിവാർ വേട്ടയാടലുകൾക്ക് ഇരയായിട്ടും മോഹൻലാൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് പോയില്ലെന്നും നിഷാദ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ഈ വിമർശനങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും കേരളീയ സമൂഹത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
നിഷാദ് റാവുത്തറുടെ വാക്കുകൾ;
ഇഷ്ടമുള്ള പൊളിറ്റിക്സ് മമ്മൂട്ടിക്ക് എടുക്കാം. ഇഷ്ടമുള്ള ആൾക്കാരുടെ കൂടെ പോയി നിൽക്കാം. ഇഷ്ടമുള്ളയിടത്ത് പോയി പാദാർച്ചന നടത്താം. അധികാരത്തിന്റെ അടിയിൽ പോയി നിന്ന് ഏത് പുരസ്കാരങ്ങളും വാങ്ങിച്ചെടുക്കാം. അതൊക്കെ ചെയ്യാം. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. പക്ഷെ അദ്ദേഹം ഇടതുപക്ഷ മതനിരപേക്ഷതയുടെ മഹാഗോപുരമാണെന്ന മിഥ്യാബോധം നമ്മൾ അവസാനിപ്പിക്കണം. നമ്മൾ മാത്രമല്ല സിപിഎമ്മുകാരും അവസാനിപ്പിക്കണം.
മമ്മൂട്ടി എവിടെയെങ്കിലും വന്ന് നിൽക്കുമ്പോൾ പ്രോട്ടോക്കോൾ പോലെ ജില്ലാ സെക്രട്ടറി അടുത്ത് പോയി നിൽക്കുന്നത് സിപിഎമ്മുകാർ അവസാനിപ്പിക്കണം. മമ്മൂട്ടിക്ക് അത് ഇറിറ്റേഷനാണ്. നിങ്ങൾ അടുത്ത് പോയി നിൽക്കുമ്പോൾ മറ്റൊരാൾക്ക് ബുദ്ധിമുട്ട് ആണെൽ നിങ്ങൾ പോയി നിൽക്കാൻ പാടില്ല. സിപിഎമ്മുകാർ അടുത്ത് നിൽക്കുന്നത് തനിക്ക് പ്രശ്നമാണെന്ന് പലകുറി ബോഡി ലാഗ്വേജ് കൊണ്ട് പലകുറി പ്രകടമാക്കിയ ഒരു മനുഷ്യന്റെ അടുത്ത് പോയി നിൽക്കുന്നത് എന്തിനാണ്?.
നിങ്ങളുടെ കൂടെ നിന്നാൽ എനിക്ക് കിട്ടേണ്ട ഭാരതരത്നം നഷ്ടപ്പെടും. അല്ലെങ്കിൽ എനിക്ക് കിട്ടേണ്ട ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നഷ്ടപ്പെടുമെന്ന് വിചാരിക്കുന്ന ഒരു പരിമിത മനുഷ്യനോട് നമ്മൾ സഹാനുഭൂതി കാണിക്കണം. അങ്ങ് എന്താണെന്ന് വെച്ചാൽ ചെയ്തിട്ട് ആ ഭാരതരത്നം മേടിച്ചോളൂ… നമ്മളെ ബുദ്ധിമുട്ടിക്കരുത്. രാഷ്ട്രീയം ഞങ്ങൾ കുറച്ചുപേർ കൈകാര്യം ചെയ്തോളാമെന്ന എന്ന മട്ട് എടുക്കണം. മമ്മൂട്ടി ഇതിന്റെ കൂടെയല്ല. കേരളം ഉയർത്തിപിടിക്കുന്ന ആശയങ്ങൾ മതനിരപേക്ഷ മൂല്യങ്ങൾ എന്നിവയുടെ അംബാസിഡർ പോലെ അദ്ദേഹം പ്രവർത്തിച്ച കാലമുണ്ടായിരുന്നു.
അദ്ദേഹം ആ പൊളിറ്റിക്സ് ഉയർത്തിപിടിച്ചിരുന്നു. അതൊക്കെ പോയി. ചെറുപ്പകാലത്ത് തന്നെ അംഗീകാരങ്ങൾക്ക് വേണ്ടിയും ദൃശ്യതയ്ക്ക് വേണ്ടിയും വല്ലാതെ മോഹിച്ച മനുഷ്യനാണ് അദ്ദേഹമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. വി.കെ ശ്രീരാമൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. ശ്രീരാമൻ തന്നെ പറഞ്ഞിട്ടുണ്ട് താൻ പറഞ്ഞ എന്തോ ഒരു കാര്യം ഇഷ്ടപ്പെടാത്തതുകൊണ്ട് മമ്മൂട്ടി തന്നെ ഒരു സിനിമയിൽ നിന്നും ഒഴിവാക്കിയ കഥ.
അങ്ങനെയൊക്കെ ചെയ്യുന്ന ഒരാളാണ്. എന്നാൽ എംടിയുടേയും ഹരിഹരന്റെയും പടത്തിൽ പോയി വിനീത വിധേയനായി നിന്ന് അഭിനയിക്കാനും റോൾ വാങ്ങിക്കാനും അറിയാം. അവിടെ അഹങ്കാരമില്ല. അഹങ്കാരം കാണിച്ചാൽ വേറെ പണി നോക്കികോളാൻ പറയും. കെജി ജോർജിനോടും പറയാൻ പറ്റില്ല. അദ്ദേഹവും വേറെ പണി നോക്കിക്കോളാൻ പറയും. പക്ഷെ വേറെ ആളുകളോട് മമ്മൂട്ടി ഇത് കാണിക്കുകയും ചെയ്യും. സ്വാർത്ഥമായ ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്ന മനുഷ്യനാണ്.
തെറ്റായ രീതിയിൽ അല്ല ഞാൻ പറയുന്നത്. അതിന്റെ മൂർത്തിമ ഭാവത്തിലേക്ക് പ്രായമാകുമ്പോൾ അദ്ദേഹം പോവുകയാണ്. അദ്ദേഹത്തിന് രണ്ട് ആഗ്രഹങ്ങളേയുള്ളു… കയ്യടി കിട്ടുന്ന വ്യത്യസ്തമായ സിനിമകൾ ചെയ്യണം. അതിന്റെ പേരിൽ താൻ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം. രണ്ടാമത് അതിന്റെ പേരിൽ പുരസ്കാരങ്ങൾ കിട്ടികൊണ്ടേയിരിക്കണം. അദ്ദേഹം അതിന് വേണ്ടി പ്രയാസപ്പെടുകയാണ്.
ബിജെപി നേതാവിനേയും കൂട്ടി ഗുജറാത്തിൽ പോയി നാട്ടുകാർ അറിയുമെന്നും വിമർശിക്കുമെന്നും മമ്മൂട്ടിക്ക് അറിയാം. അത് നാട്ടുകാർ അറിയണം വാർത്തയാകണം തലക്കെട്ടാകണം. ഗാന്ധിയുടെ ആശയം തിരസ്കരിച്ച് പുതിയൊരു ആശയം ഉയർത്താൻ വേണ്ടി ഉണ്ടാക്കിയതാണ് പട്ടേൽ പ്രതിമ. സംഘപരിവാറിന്റെ പ്രോജക്ടാണത്. അതിന് താഴെ പോയി നഗ്നപാദനായി നിന്നാണ് മമ്മൂട്ടി പാദാർച്ചന നടത്തിയത്. മമ്മൂട്ടി ആഗ്രഹിക്കുന്നത് വലിയ വലിയ പുരസ്കാരങ്ങളാണ്.
ഭരണകൂടത്തിന്റെ കൂടെ ചേർന്ന് കിട്ടാനുള്ളത് വാങ്ങിച്ചെടുക്കണം. അദ്ദേഹത്തിന്റെ മകൻ ഒരു പാൻ ഇന്ത്യൻ സ്റ്റാറാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ മകന്റെ തെലുങ്കിലേയും കന്നഡയിലേയും ഓഡിയൻസിനെ ബാധിച്ചാലോ. ഇഷ്ടപ്പെട്ട കറി ഏതാണെന്ന് ചോദിച്ചപ്പോൾ പത്തിരിയും മീനും എന്നാണ് ദുൽഖർ പറഞ്ഞത്. ബീഫ് എന്ന് അറിയാതെ പറയാതിരിക്കാൻ വേണ്ടി. അമ്മാതിരി സൂക്ഷ്മതയുള്ള മനുഷ്യനാണ് ദുൽഖർ സൽമാൻ. അവരായി അവരുടെ പാടായി.
കിട്ടുന്ന ഭാരതരത്നയും ഫാൽക്കയുമൊക്കെ വാങ്ങിക്കട്ടെ. ഹിന്ദുത്വത്തിന്റെ ആളായി ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നയാളാണ് മോഹൻലാൽ. അക്ഷതം സ്വീകരിച്ച് പ്രാണ പ്രതിഷ്ഠയ്ക്ക് പോയി തൊഴുത് നിൽക്കണം. പക്ഷെ മോഹൻലാൽ പോയില്ല. അതിന്റെ പേരിൽ സംഘപരിവാർ അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട് എന്നുമാണ് നിഷാദ് റാവുത്തർ പറഞ്ഞത്. നിഷാദിന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് മാധ്യമപ്രവർത്തകന് ലഭിക്കുന്നത്.