കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തുനിന്നും നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്കും അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു.

ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രത്തിനുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ ഒരു രണ്ട് മണിക്കൂര്‍ സിനിമയായിരുന്നു ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രം. നിഷാദ് തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത്.