‘യുവം’ കടന്ന് ‘സെന്റി’ല്‍ തിളങ്ങി നിര്‍മ്മല്‍ പാലാഴി നായകനാകുന്നു

കോവിഡിന് ശേ്ഷം തിയേറ്ററിലെത്തിയ ചിത്രമായ ‘വെള്ളം’ എന്ന പ്രജേഷ് സെന്‍ ചിത്രത്തില്‍ മികച്ച കഥാപാത്രമായെത്തിയ നിര്‍മ്മല്‍ പാലാഴിയെ തേടി നിരവധി അവസരങ്ങളാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ‘യുവം’ എന്ന പിങ്കു പീറ്റര്‍ ചിത്രത്തില്‍ അമിത് ചക്കാലക്കലിനും അഭിഷേക് രവീന്ദ്രനുമൊപ്പം നായകതുല്യമായ കഥാപാത്രം അവതരിപ്പിക്കാനായ സന്തോഷത്തിലാണ് താരം. സെല്ലുലോയ്ഡിന് അനുവദിച്ച അഭിമുഖത്തിലാണ് താന്‍ പുതിയ ചിത്രത്തില്‍ നായകനാകുന്ന കാര്യം താരം തുറന്ന് പറഞ്ഞത്.

ഹരീഷ് പേരടി, നിര്‍മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഐസ് ഒരതി ‘എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ കാവുങ്ങലാണ് നിര്‍മ്മലിനെ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ നായകനാക്കുന്നത്. സാധാരണ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നായകനാകാന്‍ തനിയ്ക്ക് നല്ല ബോധ്യമുണ്ടെന്നും എന്നാല്‍ തന്റെ രൂപത്തിന് പറ്റിയ കഥാപാത്രമായതിനാലാണ് നായകനാകാന്‍ തീരുമാനമെടുത്തതെന്നും നിര്‍മ്മല്‍ പാലാഴി പറഞ്ഞു. വര്‍ത്തമാനം, ഭീമന്റെ വഴി തുടങ്ങീ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മ്മലിന്റേതായി പുറത്തിറങ്ങാനുണ്ട്.

ഈയിടെയാണ് നിര്‍മ്മല്‍ പാലാഴി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സെന്റിന് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഹ്രസചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ബാലതാരം എന്നീ രണ്ട് നേട്ടങ്ങളാണ് ജയകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സെന്റ് കരസ്ഥമാക്കിയത്. ആത്മസംഘര്‍ഷത്തിന്റെ നെരിപ്പോടില്‍ നീറുന്ന അച്ഛന്റേയും ഭര്‍ത്താവിന്റേയും വേഷത്തിലാണ് നിര്‍മ്മല്‍ പാലാഴി ചിത്രത്തിലെത്തുന്നത്. കോമഡി ട്രാക്കില്‍ നിന്നു മാറിയുള്ള നിര്‍മ്മലിന്റെ പ്രകടനമാണ് സെന്റിന്റെ ഹൈലൈറ്റ്. വിദേശ ചിത്രങ്ങളോട് മത്സരിച്ചാണ് സെന്റ് ഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സ്ഥാനം കരസ്ഥമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് തേജ ലക്ഷി മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടി. ബിജിബാല്‍ ഒരുക്കിയ സെന്റിന്റെ പശ്ചാത്തലസംഗീതം ഏറെ ശ്രദ്ധേയമായി. ജിപ്‌സാ ബീഗം നായികാ കഥാപാത്രമായി സുശീല്‍ തിരക്കഥ രചിച്ച സെന്റിന്റെ നിര്‍മാണം കിഷോര്‍പന്തീരങ്കാവ്, സിന്ധു മേനോന്‍,റഫീഖ് റാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചത് സജീഷ് രാജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ്ങ് ഷെറില്‍ കോലയാണ്.