മറാത്തി ചിത്രത്തിൽ നിമിഷ ; ‘ഹവ്വാഹവ്വായ്’ ഫസ്റ്റ് ലുക്ക്

മറാത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് നിമിഷ സജയന്‍. ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിത്തു.’ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ മറാത്തിയില്‍ എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിമിഷ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

മഹേഷ് തിലേകറാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും . മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആശാ ഭോസ്‌ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചുധ3പ ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.

നിമിഷ സജയന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കാരണം റിലീസിന് ശേഷം വലിയ രീതിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.