സുന്ദരകാഴ്ച്ചകള്‍ ഒരുക്കുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത വീണ്ടും ഷൂട്ടിങ്ങിനൊരുങ്ങുന്നു

 

ജയറാമും മഞ്ജുവാര്യരും ഒന്നിച്ചഭിനയിച്ച ചിത്രം കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ ദൃശ്യമനോഹരമായ നിലമ്പൂര്‍-ഷൊര്‍ണൂര്‍പാത വീണ്ടും ഷൂട്ടിങ്ങിനൊരുങ്ങുന്നു. ഇത്തവണ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കായാണ് ഈ പാത വീണ്ടും ഒരുങ്ങുന്നത്.അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഉണ്ട. ഉണ്ടയ്ക്കാണ് സ്റ്റേഷനും പരിസരവും ലൊക്കേഷനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന ചിത്രീകരണത്തിന് മമ്മൂട്ടിക്കൊപ്പം ഗ്രിഗറി,അര്‍ജുന്‍ അശോകന്‍ എന്നിവരുമെത്തുന്നു.

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ചിത്രീകരിച്ച കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിന് ശേഷം ചില സിനിമകളുടെ ചെറിയ ഭാഗം മാത്രമാണ് ചിത്രീകരിച്ചത്. കൃഷ്ണഗുഡിയില്‍ എന്ന ഭാവനയില്‍ വിരിഞ്ഞ ഗ്രാമത്തിനായി ആന്ധ്രാപ്രദേശ്‌വരെ സംവിധായകന്‍ കമലും സംഘവും അലഞ്ഞു. ഒടുവില്‍ കൃഷ്ണഗുഡി ലൊക്കേഷനായത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായിരുന്നു. അത്രമേല്‍ ഹരിതാഭമായ കാഴ്ചകള്‍ വിരുന്നൊരുക്കുന്ന ഇടംകൂടിയാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത.പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പാത മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലൂടെയാണ് കടന്നുപോകുന്നത്.

ബിഗ് ബജറ്റിലെരുങ്ങുന്ന ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മാറ്റുരയ്ക്കുക.സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിംഗിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്.