കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും…6000 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി ബോളീവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അംഗമായ എന്‍.ജി.ഒ യുടെ തൂരുമാനം. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി വീട് തകര്‍ന്നവര്‍ക്കും പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കുമെന്നാണ്ാ ജാക്വിലിന്‍ അംഗമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയെന്ന എന്‍ ജി ഒ സ്ഥാപനത്തിന്റെ പ്രഖ്യാപനം. പ്രളയക്കെടുതിയോടനുബന്ധിച്ച് ആദ്യഘട്ടത്തില്‍ ഇവര്‍ 93,889 കുടുംബങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കാനുള്ള തീരുമാനം.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോള്‍ അത്യാവശ്യമാണെന്നും ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കുചേരണമെന്നും അവര്‍ ആരാധകരോട് പറഞ്ഞു. നിലവില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, എന്നീ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6,000 കുടുംബങ്ങള്‍ക്കാണ് ജാക്വിലിന്റെ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി വീടുനിര്‍മ്മിച്ച് നല്‍കുന്നത്. ഈ ശ്രമദാനത്തിന് ജാക്വലിന്‍ മുന്‍ കൈയ്യെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ വഴിയാണ് സഹായമഭ്യര്‍ത്ഥിച്ച് ബോളിവുഡ് താരങ്ങളിലേക്കെത്തുന്നതെന്നും എന്‍.ജി.ഒ മാനേജിംഗ് ഡയരക്ടര്‍ രാജന്‍ സാമുവല്‍ പറഞ്ഞു.

ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന്‍ 2009 ലാണ് ബോളീവുഡില്‍ അരങ്ങേറിയത്. 2006 ലെ മിസ് യൂണിവേഴ്സായിരുന്നു ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.