തെലുങ്ക് സൂപ്പര്‍ഹിറ്റ് അര്‍ജുന്‍ റെഡ്ഡി മലയാളത്തിലും

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി മലയാളത്തിലും. പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ടൊവിനോ തോമസ്, അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട ആന്റണി വര്‍ഗീസ് എന്നിവരുടെ പേരും പരിഗണനയില്‍. പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് സിനിമയുടെ മലയാളം പകര്‍പ്പവകാശം സ്വന്തമാക്കിയത്.

കുഞ്ഞിരാമായണം, ഗോദ, എസ്ര തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഈ കമ്പനിയുടെ സംരംഭമായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ചെറുപ്പക്കാരന്റെ പതനവും തിരിച്ചുവരവുമാണ് അര്‍ജുന്‍ റെഡ്ഡിയുടെ പ്രമേയം. അഞ്ചുകോടിരൂപയ്ക്ക് ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ 51 കോടിയിലേറെ സ്വന്തമാക്കി. തെലുങ്ക് യുവതാരം വിജയ് ദേവരഗോണ്ടയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. യുവപ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദിയില്‍ ഷാഹിദ് കപൂര്‍ ആണ് നായകന്‍. തെലുങ്ക് ചിത്രം സംവിധാനംചെയ്ത സന്ദീപ് വാന്‍ഗയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.

അരുണ്‍ ഗോപി സംവിധാനംചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റേതായി ഇനി വരാനുള്ളത്. മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാറിലും പ്രണവ് വേഷമിടുന്നുണ്ട്.