.
ആരോപണങ്ങളില്‍ പെട്ട് റിലീസ് മാറ്റി വെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ‘പി എം നരേന്ദ്രമോദി’യുടെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിന് നിയമതടസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. നേരത്തെ ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇപ്പോള്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നതെന്ന് നിര്‍മാതാക്കളിലൊരാളായ സന്ദീപ് സിങ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇരുപത് സംസ്ഥാനങ്ങളിലെ 91 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ചിത്രത്തിന്റെ കേസ് സംബന്ധിച്ച് ഏപ്രില്‍ എട്ടിനാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. സിനിമ നാല് ബിജെപി അനുഭാവികളാണ് നിര്‍മിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവായ അമന്‍ പന്‍വാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.
പിഎം നരേന്ദ്രമോദി എന്ന ചിത്രം ഒമങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്.
വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.