നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുമ്പോള്‍ നിങ്ങള്‍ക്കും അഭിനയിക്കാം

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളിലാണ് എബ്രിഡ് ഷൈന്‍ ഇപ്പോള്‍. നര്‍മം ഉള്‍ക്കൊള്ളുന്ന ഒരു നൂതന കഥയാണിത്, അനുയോജ്യമായ ലൊക്കേഷന്‍ തേടുകയാണ് എന്നാണ് സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എബ്രിഡ് ഷൈന്‍ വ്യക്തമാക്കി. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം, ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍.

20-50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കും 30-55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോള്‍. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്‌കാരങ്ങളില്‍ മികവ് രേഖപ്പെടുത്തല്‍, മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബര്‍ 15ന് മുമ്പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളില്‍ പറയുന്നത്.