മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ നടന്‍ നീരജ് മാധവും ആദ്യ താരനിരയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെല്ലാം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. കളരിപ്പയറ്റ് പരിശീലനത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാമാങ്കം സിനിമ റിലീസ് ചെയ്തപ്പോള്‍ അതില്‍ നീരജ് മാധവ് ഉണ്ടായിരുന്നില്ല. തന്നെ എന്ത്‌കൊണ്ട് മാമാങ്കത്തില്‍ കാണുന്നില്ല എന്നതിന്റെ ഉത്തരം നീരജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
‘മാമാങ്കത്തില്‍ ഞാന്‍ എവിടെയെന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന്റെ ഉത്തരം ഇതാണ്. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഞാന്‍ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം ഒരാഴ്ച്ചയായിരുന്നു ഷോട്ട്. അതിഥി വേഷമാണെങ്കിലും സിനിമയില്‍ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതുകൊണ്ടു തന്നെ അതിനായി അല്‍പം കഠിനാദ്ധ്വാനവും ചെയ്യേണ്ടി വന്നു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും ഇതിനായി പഠിച്ചു.
എന്നാല്‍ അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും താരനിരയിലും മാറ്റങ്ങള്‍ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാല്‍ എന്റെ ഫൈറ്റ് സീക്വന്‍സ് മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ ഫൈനല്‍ കട്ടില്‍ ആ രംഗം ഒഴിവാക്കി. അത് അല്‍പ്പം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ നീക്കം ചെയ്ത രംഗം യുട്യൂബില്‍ ഡിലീറ്റഡ് സീന്‍സ് ആയി അപ്‌ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങള്‍ക്ക് അത് ഉടന്‍ കാണാന്‍ സാധിക്കും. മാമാങ്കം ടീമിന് എല്ലാ ആശംസകളും. പ്രിയപ്പെട്ട മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും’ എന്ന് നീരജ് മാധവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.