ഷെയ്ന്‍ നിഗം നിര്‍മ്മാതാവാകുന്നു

വിവാദങ്ങള്‍ക്കിടയിലും നിര്‍മ്മാണ രംഗത്തേക്ക് ചുവട്‌വെക്കാന്‍ ഒരുങ്ങി നടന്‍ ഷെയ്ന്‍ നിഗം. സിംഗിള്‍സ്, സാറാമാണി കോട്ട എന്നീ ചിത്രങ്ങളാണ് ഷെയ്ന്‍ നിര്‍മ്മിക്കുന്നത്. ഈ ചിത്രങ്ങളില്‍ ഷെയ്ന്‍ തന്നെയാകും നായകനായി വേഷമിടുന്നത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സിനിമ നിര്‍മ്മിക്കുമെന്നാണ് ഷെയ്ന്‍ വെളിപ്പെടുത്തിയത്.

നിലവില്‍ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷമാകും താരം നിര്‍മ്മാണത്തിലേക്ക് കടക്കുക. അതിന് മുന്‍പായി മുടങ്ങിപ്പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും താരം വ്യക്തമാക്കി. തന്റെ വലിയ മോഹമാണ് ചലച്ചിത്ര നിര്‍മ്മാണമെന്നും ഷെയ്ന്‍ പറയുന്നു.

വെയില്‍ സിനിമ ഷൂട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് താരത്തിനെതിരേ വിലക്ക് നിലനില്‍ക്കുകയാണ്. കൂടാതെ താരം നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അമ്മ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഷെയ്ന്‍ ഖേദപ്രകടനം നടത്തിയിരുന്നു.