
കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ് ഏറ്റവും സ്വാഭാവികമായി അതിനെ പ്രേക്ഷകരിലേക്കെത്തിക്കുന്ന മഹാനടൻ. നായകനായും , പ്രതിനായകനായും, സ്വഭാവ നടനായും, മലയാള സിനിമയുടെ കാരണവരായും നാല് പതിറ്റാണ്ടിലധികം മലയാള സിനിമയെ സമ്പന്നമാക്കിയ മലയാളത്തിന്റെ “നെടുമുടി വേണു”. ഇന്ന് ആ മഹാ നടന്റെ ഓർമദിനമാണ്. മലയാളത്തിന്റെ പ്രതിഭാശാലിയായ താരമില്ലാത്ത മലയാള സിനിമയുടെ നാല് വർഷങ്ങൾ. നെടുമുടിവേണുവിന് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.
ആലപ്പുഴയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കെ. വേണുഗോപാലനാണ് പിന്നീട് നെടുമുടി വേണു എന്നായി മലയാളിയുടെ ഹൃദയത്തിൽ ഒരു നിത്യ വസന്തമായി മാറിയത്. പത്രപ്രവർത്തനവും അധ്യാപനവും ചെയ്തു കൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കലാസ്വാധീനങ്ങൾ നാടകവേദിയിലൂടെ കൂടുതൽ വളർന്നു. കാവാലം നാരായണപണിക്കരുമായി ചേർന്ന് പ്രവർത്തിച്ചത് നാടകശൈലിയെ പഠിക്കാൻ മാത്രമല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കെത്തി അവരെ ജീവിപ്പിക്കുന്ന പ്രത്യേക കഴിവും നൽകി. ‘ദൈവത്താർ’ നാടകത്തിലെ ‘കാലൻ കണിയാൻ’ എന്ന കഥാപാത്രം സാദാരണ വേഷമായി മാത്രം ഒതുങ്ങിയില്ല പകരം, നാടകവേദി ആദ്യമായ് നെടുമുടി വേണുവിന്റെ മുഖത്തിൽ നിന്നും ഒരു ജന്യകലാകാരന്റെ പ്രകടനം കണ്ട മുറയായിരുന്നു അത്.
“ഒരു സുന്ദരിയുടെ കഥ” എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. എങ്കിലും ശ്രദ്ധേയമാകുന്നത്
1978ൽ അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ അത് വെറും ഒരു തുടക്കമായിരുന്നില്ല, മലയാള സിനിമയിൽ ഒരു പുതിയ അഭിനയ ശൈലിയുടെ ഉദയവേളയായിരുന്നു. പ്രൗഢിയില്ലാത്ത, പക്ഷേ ആത്മീയമായ ആഴമുള്ള, വികാരത്തെ ഉയർത്തിപ്പിടിക്കാത്ത, പക്ഷേ ആ വികാരം നിശ്ശബ്ദമായി പ്രേക്ഷകന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്ന ഒരു രീതിയായിരുന്നു നെടുമുടിയുടെ അഭിനയഭാഷ. പഞ്ചവടിപ്പാലത്തിൽ കാണുന്ന പരിഹാസത്തിന്റെ നിശബ്ദ ശൈലി, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ കരളിലൊതുങ്ങുന്ന വികാരം, ചാമരം എന്ന ചിത്രത്തിലെ രസതന്ത്രം, എല്ലാം അദ്ദേഹം സ്വന്തം കൈയ്യൊപ്പോടെ മലയാള സിനിമയുടെ ആത്മാവിൽ പതിപ്പിച്ചു.
അന്ന് വളരെ ശ്രദ്ധേയമായൊരു കൂട്ടുകെട്ടായിരുന്നു നടൻ മോഹൻലാലിനൊപ്പം അദ്ദേഹം കാഴ്ചവെച്ചത്. ‘തേന്മാവിൻ കൊമ്പത്ത്, ഭരതം, തന്മാത്ര, മണിച്ചിത്രത്താഴ്, തുടങ്ങി അനവധി ചിത്രങ്ങൾ ഈ കൂട്ട്കെട്ട് അനശ്വരമാക്കി. മോഹൻലാലിന്റെ ശക്തമായ ഇമോഷണൽ പ്രകടനങ്ങൾക്ക് ഒരിക്കൽ ഒരു നിശ്ശബ്ദ ചിരി കൊണ്ടും മറ്റൊരു നേരം ഒരു പിതൃസാന്നിദ്ധ്യമായ സ്പർശം കൊണ്ടും സമാധാനം പകരുന്ന പ്രതിഭയായിരുന്നു നെടുമുടി. അക്കാലത്ത് സംവിധായകരുടെ ഏറ്റവും വലിയ വിശ്വാസവുമായിരുന്നു നെടുമുടി വേണു. . പത്മരാജൻ, ഭരത് ഗോപി, അരവിന്ദൻ, കമൽ, ഭരതൻ ഇവരുടെ സിനിമകളിൽ നെടുമുടി ഉണ്ടെങ്കിൽ, ആ കഥാപാത്രം നിർസാരമല്ലെന്ന് പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കും. അത്രയേറെ അഭിനയ പരിപക്വതയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
മറ്റേത് കഥാപാത്രങ്ങളെക്കാളും അദ്ദേഹത്തിൻറെ അച്ഛൻ കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിലെ അച്ഛനെപ്പോഴും മക്കളോട് തോൾ ചേർന്ന് നടക്കുന്ന കൂട്ടുകാരനായിരുന്നു. കർക്കശമില്ലാത്ത സൗമ്യതയോടെ മകകളിലൊരാളായി നിറഞ്ഞു നിൽക്കുന്ന സ്നേഹം, ബാലേട്ടൻ, mr ബ്രഹ്മചാരി, ഇഷ്ടം, മാമ്പഴക്കാലം, കണ്മഷി ഒക്കെ അതിനുള്ള മികച്ച ഉദാഹരണമാണ്.
അഭിനയം മാത്രമായിരുന്നില്ല നെടുമുടിയുടെ ലോകം. പാച്ചി എന്ന തൂലികാനാമത്തിൽ അദ്ദേഹം പല തിരക്കഥകളും രചിച്ചു. ‘കാറ്റത്തെ കിളിക്കൂട്, സവിധം, തീർത്ഥം’ എന്നിവയിൽ കാണുന്ന ആ സൗമ്യതയും നാടൻ ഭാവവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന കഥ പറയുന്ന മനുഷ്യനെ തുറന്നു കാണിക്കുന്നു. . “എന്താണെ ഇതെല്ലാം വേണ്ടെന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്” എന്ന രീതിയിൽ ജീവിതത്തെയും കഥാപാത്രങ്ങളെയും സമീപിച്ച ആ ശബ്ദം ഇപ്പോഴും മിഴികളിൽ മായാതെ നിൽക്കുന്നു. അഭിനയത്തിലൂടെ മാത്രം അല്ല, സംസാരത്തിലൂടെ പോലും സ്വാഭാവികതയുടെ ആഴം നോക്കി കണ്ട മനുഷ്യനായിരുന്നു അദ്ദേഹം.
2021 ഒക്ടോബർ 11-ന് നെടുമുടി വേണു ലോകത്തോട് വിടപറഞ്ഞു. വീട്ടിലെ തല മൂത്ത കാരണവരുടെ നഷ്ടം പോലെ മലയാള സിനിമയുടെ നെറുകയിൽ അയാളുടെ ശൂന്യതക്കിപ്പോഴും കടുപ്പമേറെയാണ്. നെടുമുടിയുടെ കഥാപാത്രങ്ങൾ ഇന്നും സാദാരണക്കാക്കരുടെ ലളിതമായ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ്. മ്മൂട്ടി ചോറു വാങ്ങിത്തരുന്ന ആ പപ്പയായും, കുട്ടിക്ക് മധുരം വാങ്ങി കൊടുക്കുന്ന ആ മാമനും, വിഷണ്ണത ഭാരം ചുമന്നിട്ടും ഹൃദയം ചിരിച്ചുകൊണ്ടിരിക്കുന്ന ആ നാടൻ പിതാവും – എല്ലാം ഇന്നും നമ്മുടെ വീടുകളിൽ ഉണ്ട്. ഓരോ ഓൺസ്ക്രീൻ നിമിഷവും ഒരുപാട് വീട്ടുവിശേഷങ്ങൾ പോലെ മലയാളികൾ എന്നും അദ്ദേഹത്തെ ഓർത്തിരിക്കും,
അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങൾ, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ വ്യത്യസ്തമായ വേഷപകര്‍ച്ചകളിലൂടെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു ഇന്നും സിനിമാ ആസ്വാദകരുടെ ഔര്‍മ്മയില്‍ തങ്ങിനില്‍ക്കും. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നെടുമുടിവേണുവിന് ഒരിക്കൽ കൂടി ഹൃദയത്തിൽ നിന്നും ഓർമപ്പൂക്കൾ.