
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം നസ്രിയ നസീം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വ്യക്തിപരമായ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനയാണോ അതോ പുതിയ സിനിമയുടെ പ്രമോഷൻ തന്ത്രമാണോ ഇതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
“ചുവപ്പു കണ്ടാൽ നെട്ടോട്ടമോടുന്ന കാളകൾക്ക് നിയന്ത്രണം വിടുന്നതിനെ കുറിച്ച് ഞാനേറെ ചിന്തിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ഞാനും,” എന്ന അർത്ഥം വരുന്ന ഒരു ഉദ്ധരണിയാണ് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘എംഎപിജെ’ എന്ന അക്കൗണ്ടിൽ വന്ന ഈ വരികൾ താരം റീഷെയർ ചെയ്യുകയായിരുന്നു. സാധാരണയായി ദേഷ്യമുണ്ടാക്കുന്ന പ്രകോപനങ്ങളെയോ അല്ലെങ്കിൽ ജീവിതത്തിലെ അപായസൂചനകളെ (Red flags) അവഗണിച്ച് മുന്നോട്ടുപോകുന്നതിനെയോ സൂചിപ്പിക്കാനാണ് ‘കാളയ്ക്ക് മുന്നിലെ ചുവപ്പുതുണി’ എന്ന പ്രയോഗം നടത്താറുള്ളത്. തനിക്കുണ്ടായ ചില മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ പശ്ചാത്തലത്തിലാണ് താരം ഈ കുറിപ്പ് പങ്കുവെച്ചതെന്ന തരത്തിലാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്.
ഈ പോസ്റ്റിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. താരം തന്റെ വ്യക്തിബന്ധങ്ങളെയോ സുഹൃദ്ബന്ധങ്ങളെയോ കുറിച്ചാണ് പറയുന്നതെന്ന് ഒരുവിഭാഗം കരുതുമ്പോൾ, ടൊവിനോ തോമസുമൊത്ത് അഭിനയിക്കുന്ന ‘എൽ ക്ലാസികോ’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാണിതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
നേരത്തെയും സമാനമായ രീതിയിൽ ജീവിതത്തെക്കുറിച്ചുള്ള ചില കുറിപ്പുകൾ നസ്രിയ പങ്കുവെച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ ഏപ്രിലിൽ താൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം താരം വെളിപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി വ്യക്തിപരവും വൈകാരികവുമായ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇപ്പോൾ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നുമായിരുന്നു അന്ന് നസ്രിയ തുറന്നുപറഞ്ഞത്.
ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച ‘സൂക്ഷ്മദർശിനി’യാണ് നസ്രിയയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ സൂര്യയുടെ നായികയായി നസ്രിയ എത്തുന്നുണ്ട്. ചൈൽഡ് ആർട്ടിസ്റ്റായും ടെലിവിഷൻ അവതാരകയായും കരിയർ ആരംഭിച്ച്, പിന്നീട് മുൻനിര നായികയായും ഗായികയായും നിർമാതാവായുമെല്ലാം തിളങ്ങിയ നസ്രിയയ്ക്ക് കേരള സർക്കാരിന്റെ രണ്ടും തമിഴ്‌നാട് സർക്കാരിന്റെ ഒന്നും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് നാല് വർഷത്തോളം ഇടവേളയെടുത്ത താരം ഇപ്പോൾ വളരെ സെലക്ടീവായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.