
ഇൻസ്റ്റാഗ്രാം പേജിലൂടെ വികാരഭരിതമായ കുറിപ്പെഴുതി തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ് നടി നസ്രിയ നസീം. സിനിമയിലും സമൂഹമാധ്യമങ്ങളിലും എപ്പോഴും സജീവമായിരുന്ന താൻ, കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നും അതാണ് സജീവമാകാതിരുന്നതിന്റെ കാരണം എന്നും താരം വ്യക്തമാക്കി.
“എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…” എന്ന തലക്കെട്ടോടെയാണ് നസ്രിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. തന്റെ 30-ാം പിറന്നാളും പുതുവത്സരവും തന്റെ പുതിയ സിനിമയായ ‘സൂക്ഷ്മദർശിനി’യുടെ വിജയവും ആഘോഷിക്കാൻ പോലും കഴിയാതിരുന്നുവെന്ന് നടി പറയുന്നു. ഫോണുകൾ എടുക്കാതിരുന്നതിനും സന്ദേശങ്ങൾക്ക് മറുപടി നല്‍കാതിരുന്നതിനും സുഹൃത്തുകളോട് താരം ക്ഷമ ചോദിക്കുന്നുമുണ്ട്.
“ഒരു പോസിറ്റീവ് വാർത്ത പറയാനുണ്ട്. കേരള ഫിലിം ക്രിറ്റിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു,” എന്നുള്ള നസ്രിയയുടെ വാക്കുകൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. തന്റെ യാത്ര അത്ര സുഗമമായിരുന്നില്ലെങ്കിലും, ദിവസേന ഗുണപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും, താനിപ്പോൾ ഭേദപ്പെടുകയാണ് എന്നും താരം വ്യക്തമാക്കി. കൂടുതൽ സമയം വേണ്ടിവന്നാലും താൻ പൂർണമായും മടങ്ങിയെത്തുമെന്നും, തന്റെ അഭാവത്തിൽ കരുതലോടെയും പിന്തുണയോടെയും സമീപിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദിയുണ്ടെന്നും പറഞ് നസ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നു.
നസ്രിയയുടെ ഈ തുറന്നുപറച്ചിലിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്