കണ്ടനുഭവിക്കണം ഈ ‘നരനായാട്ട്’

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നരനായാട്ട് സര്‍വൈവല്‍ ത്രില്ലര്‍ഗണത്തില്‍പ്പെടുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ട്രെയ്‌ലര്‍ മുതല്‍ ആരാധകര്‍ കാത്തിരുന്നത്. അതിജീവനമെന്നത് അവനവന്റെ മാത്രം ഉത്തരവാദിത്വമാകുന്ന ‘വേട്ടനായ്ക്കളുടെ’ പോലീസുകാരുടെ നിസ്സഹായവസ്ഥയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

പോലീസിനുള്ളിലെ പോലീസുകാരുടെ യഥാര്‍ത്ഥജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കി ഒരു കഥ്‌ക്കൊപ്പം ശക്തമായ വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥ കൂടെ കാണിച്ചുതരുന്നതില്‍ ഷാഹി കബീര്‍ എന്ന തിരക്കഥാകൃത്തും മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനും കഴിഞ്ഞു. ജോസഫ് എന്ന വിജയ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ നായാട്ടിലെത്തുമ്പോഴും അതേ റിയലിസ്റ്റിക്ക് കാഴ്ച്ചകളിലൂടെ പ്രേക്ഷകനെ പതിയെ നായാട്ടിനൊപ്പം കൂടെകൂട്ടുന്നുണ്ട്. നായാട്ടിലെ ഓരോ കഥാപാത്രങ്ങളുടേയും രൂപീകരണത്തിലെ സൂക്ഷ്മതയും എടുത്ത് പറയേണ്ടുന്നതാണ്. ദളിത് വിഷയം പോലുള്ളവ സിനിമയിലൂടെ പറയുമ്പോള്‍ ഏംകപക്ഷീയമാകാതിരിക്കാന്‍ തിരക്കഥാകൃത്ത് കാണിച്ച ജാഗ്രത തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു. തിരക്കഥാകൃത്ത് പോലീസുകാരനായതിനാല്‍ തന്നെ അത്തരം പോലീസ് കഥകളിലെ ഡീറ്റെയ്‌ലിംഗില്‍ കോംപ്രമൈസ് ഇല്ലെന്നത് തിരക്കഥയെ തെല്ലൊന്നുമല്ല മികവുറ്റതാക്കുന്നത്.

സംവിധായകന്‍ മാര്‍ട്ടിന്‍പ്രക്കാട്ടാകട്ടെ തന്റെ പതിവ് സിനിമാസങ്കേതങ്ങളില്‍ നിന്നുള്ള മാറിനടത്തമായി തന്നെഈ ചിത്രത്തെ സമീപിച്ചതിനാല്‍ അത്തരമൊരു പൂര്‍ണ്ണാനുഭവം ചിത്രത്തിന് നല്‍കാനായിട്ടുണ്ട്. ഇവിടെയുള്ള ഭരണ സംവിധാനത്തിന്റെ നിലനില്‍പ്പിനായ് ഓടുന്ന വേട്ടനായ്ക്കള്‍ അവര്‍ തന്നെ ഏത് സമയവും ഇരയാക്കപ്പെടുമെന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യത്തെ ചിത്രം കാണിച്ചു തരുന്നുണ്ട്. സമൂഹത്തില്‍ ഇരയേത് വേട്ടക്കാരനേതെന്ന് തിരിച്ചറിയാതെ നടക്കുന്ന ഈ നരനായാട്ടിനിടെ വളരെ സുരക്ഷിതമായി ജനാധിപത്യത്തിന്റെ ശ്രീകോവിലിലിരുന്ന് കാഴ്ച്ച കണ്ടുരസിക്കുന്ന സംവിധാനത്തെ അത്രമേല്‍ ലളിതമായും വ്യക്തമായും ചിത്രം കാണിച്ചു തരുന്നുണ്ട്. ജോജു ജോര്‍ജ്ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങി താരങ്ങളുടേയെല്ലാം പ്രകടനം മികച്ചതായിരുന്നു. വാണിജ്യ സിനിമ കാണുന്ന ലാഘവത്തോടെ തിയേറ്ററില്‍ സമീപിക്കേണ്ടുന്ന സിനിമയല്ല നായാട്ട്. തിയേറ്ററില്‍ നിന്നിറങ്ങിപോരുമ്പോള്‍ ഒപ്പം കൂടുന്ന കഥാപാത്രങ്ങള്‍ നിങ്ങളെ തെല്ലെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നായാട്ടിന്റെ വിജയമാണ്. വാണിജ്യസിനിമകളുടെ ഫോര്‍മുലകളുടെ ക്ലീഷേ കയ്യടിയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ കഥ അതേ രീതിയില്‍ അവസാനിപ്പിക്കാന്‍ ധൈര്യം കാണിച്ച സംവിധായകനും തിരക്കഥാകൃത്തും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

സാങ്കേതികമായി ചിത്രത്തിന്റെ കഥയോടും പ്രമേയപരിസരത്തോടും നീതി പുലര്‍ത്തുന്ന ഷൈജു ഖാളിദിന്റെ ഛായാഗ്രഹണം മഹേഷ് നാരായണന്റെ ചിത്രസംയോജനം എന്നിവയെല്ലാം തന്നെ നന്നായിരുന്നു. ഇതിനകം തന്നെ ഹിറ്റായികഴിഞ്ഞ വിഷ്ണു വിജയുടെ സംഗീതത്തിലൊരുക്കിയ ഗാനത്തിന് ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. അഖില്‍ അലക്‌സിന്റെ പശ്ചാതലസംഗീതവും പലപ്പോഴും പ്രേക്ഷകനെ ചിത്രത്തോട് അടുപ്പിക്കാന്‍ സഹായിച്ചു. യഥാര്‍ത്ഥത്തില്‍ നായാട്ട് ഇങ്ങനെയാണോ എന്നു ചോദിക്കുന്നതിനേക്കാള്‍ നായാട്ട് മുന്നോട്ട് വെയ്ക്കുന്ന പ്രമേയ പരിസരത്തിന്റെ സാധ്യതകളെ എത്രമാത്രം ഓരോ പ്രേക്ഷകനും അടുത്തറിയാമെന്നത് തന്നെയാണ് ചിത്രത്തിന്റെ ആസ്വാദനമികവിന്റെ അളവുകോല്‍.